നോട്ടത്തിലും ഭാവത്തിലും രൂപത്തിലുമെല്ലാം വിചിത്രസ്വഭാവമുള്ള നിരവധി ജന്തുക്കൾ നമ്മുടെ ചുറ്റിലുമുണ്ട്. അതിലൊന്നാണ് നക്ഷത്രമൂക്കുള്ള പെരുച്ചാഴി (Star-nosed mole).
ഒറ്റനോട്ടത്തിൽ അന്യഗ്രഹജീവിയെ പോലെ തോന്നുമെങ്കിലും കക്ഷി നമ്മുടെ ഭൂമിയിൽ തന്നെയുള്ള ഒരു സസ്തനിയാണ്. മറ്റ് ജന്തുക്കളിൽ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത് ‘മൂക്ക്’ തന്നെയാണ്. കൈ വിരലുകൾ വിടർത്തിവച്ചിരിക്കുന്നതിന് സമാനമായ മൂക്കാണ് ഇവയ്‌ക്കുള്ളത്. അതുമല്ലെങ്കിൽ മൂക്കിൻ തുമ്പത്ത് ‘നക്ഷത്രം’ പതിച്ചുവച്ചത് പോലെയും കാണാം.
കാഴ്ചയിൽ മാത്രമല്ല മൂക്കിന് സവിശേഷതയുള്ളത്. ഇവയുടെ നക്ഷത്രമൂക്കിന്
ഭൂകമ്പതരംഗങ്ങൾ തിരിച്ചറിയാൻ കഴിയും. 25,000 സെൻസറി റെസിപ്റ്ററുകൾ ഇവയുടെ മൂക്കിലുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
ചതുപ്പുനിലങ്ങളിൽ ജീവിക്കുന്ന ഇവയ്‌ക്ക് ജലജീവികളിൽ നിന്നുള്ള സിഗ്നലുകളും കണ്ടെത്താൻ കഴിയും. മൂക്കിന്റെ പ്രത്യേകത കാരണം, വെള്ളത്തിനടിയിൽ പോലും ഇവയ്‌ക്ക് മണം പിടിക്കാൻ കഴിയും. ലോകത്ത് രണ്ടേ രണ്ട് ജന്തുക്കൾക്ക് മാത്രമേ ഇതിന് സാധിക്കൂവെന്നതാണ് സവിശേഷത. നോർത്ത് അമേരിക്ക, കാനഡ എന്നിവിടങ്ങളിലാണ് നക്ഷത്രമൂക്കുള്ള ഈ പെരുച്ചാഴി കാണപ്പെടുന്നത്.















