ലണ്ടൺ: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മനുഷ്യനായ ജോൺ ആൽഫ്രഡ് ടിന്നിസ്‌വുഡ് അന്തരിച്ചു. 113 വയസായിരുന്നു. ഇംഗ്ലണ്ടിലെ സൗത്ത് പോർട്ട് കെയർ ഹോമിലാണ് അദ്ദേഹം അവസാനവർഷം ചിലവഴിച്ചത്. കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.
ടൈറ്റാനിക് കപ്പൽ ദുരന്തം സംഭവിച്ച 1912 ലായിരുന്നു ജോൺ ആൽഫ്രഡിന്റെ ജനനം. തന്റെ ജീവിതകാലത്തിനിടയിൽ അദ്ദേഹം രണ്ട് ലോക മഹായുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ജോൺ ആൽഫ്രെഡ് ജീവിച്ചിരുന്ന 112 വർഷത്തിനിടയിൽ 24 പ്രധാനമന്ത്രിമാർ ബ്രിട്ടൻ ഭരിച്ചു. അഡയുടെയും ജോൺ ബെർണാഡ് ടിന്നിസ് വുഡിന്റെയും മകനായാണ് ജനനം. നൂറ്റാണ്ടിന്റെ ബുദ്ധിമുട്ടുകളും വിപ്ലവകരമായ മാറ്റങ്ങളും ജോൺ ആൽഫ്രഡിനെ ആദ്യകാലഘട്ടങ്ങളിൽ സ്വാധീനിച്ചിരുന്നു.
2020 ൽ യുകെയിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി മാറിയ ജോൺ ആൽഫ്രഡ് 2024 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മനുഷ്യനായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടംപിടിക്കുകയും ചെയ്തു. വെനസ്വേലക്കാരനായ ജുവാൻ വിസെന്റെ പെരേസ് മോറ114-ാം വയസിൽ മരണമടഞ്ഞതോടെയാണ് ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയെന്ന റെക്കോർഡ് ജോൺ ആൽഫ്രഡിന് സ്വന്തമായത്.