പാലക്കാട്: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിർത്തലാക്കുകയും ക്ഷാമബത്തയും ശമ്പള പരിഷ്‌കരണ കുടിശികയും ഉൾപ്പെടെ നൽകാതിരിക്കുകയും ചെയ്യുന്ന പിണറായി സർക്കാരിനെതിരെ പ്രതികരിക്കാത്ത ഇടത് സർവീസ് സംഘടനകളെ രൂക്ഷമായി വിമർശിച്ച് എൻജിഒ സംഘ്. ഇടത് സർവീസ് സംഘടനകളുടെ രാഷ്‌ട്രീയ വിധേയത്വവും, അടിമത്ത മനോഭാവവും അവസാനിപ്പിച്ച് ജീവനക്കാരുടെ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ അണിചേരണമെന്ന് കേരള എൻ. ജി. ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് പറഞ്ഞു.
സംസ്ഥാന വ്യാപകമായി എൻജിഒ സംഘ് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്ത്രണ്ടാം ശമ്പള പരിഷകരണം നടപ്പിലാക്കുക, തടഞ്ഞുവെച്ച മുഴുവൻ ആനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എൻജിഒ സംഘിന്റെ പ്രതിഷേധം. കേരളത്തിന്റെ ചരിത്രത്തിൽ മുൻകാലങ്ങളിലെങ്ങും ഉണ്ടായിട്ടില്ലാത്ത രീതിയിൽ ജീവനക്കാരുടെ മുഴുവൻ ആനുകൂല്യങ്ങളും, അവകാശങ്ങളും കവർന്നെടുക്കുകയാണ് ഇടതുസർക്കാരെന്ന് എൻജിഒ സംഘ് ആരോപിച്ചു.
ജീവനക്കാരുടെ നിലവിലുണ്ടായിരുന്ന ലീവ് സറണ്ടർ, സർവീസ് വെയ്‌റ്റേജ്, ഭവന വായ്പ, നഗരബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പിണറായി സർക്കാർ നിർത്തലാക്കിയതായി എൻജിഒ സംഘ് ചൂണ്ടിക്കാട്ടി. ലഭിക്കാനുള്ള 19% ക്ഷാമബത്ത, അനുവദിച്ച ക്ഷാമബത്തയുടെയും ശമ്പളപരിഷ്‌കരണത്തിന്റെയും കുടിശ്ശിക തുകയും തടഞ്ഞുവച്ചിരിക്കുകയാണ്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാതെ വഞ്ചനാപരമായ നിലപാട് സ്വീകരിക്കുന്നു. മെഡിസെപ്പ് പദ്ധതിയിൽ സർക്കാർ വിഹിതം നൽകാതെ കബളിപ്പിക്കുകയാണെന്നും ജീവനക്കാരെ ദ്രോഹിക്കുന്ന ഇടതുമുന്നണി സർക്കാരിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് സർവീസ് സംഘടനകൾ തയ്യാറാകണമെന്നും എൻജിഒ സംഘ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് റോസ്ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബി.എം.എസ്. ജില്ലാ പ്രസിഡന്റ് സലിം തെന്നിലപ്പുരം മുഖ്യ പ്രഭാഷണം നടത്തി, സംസ്ഥാന സെക്രട്ടറിമാരായ മുരളി കേനാത്, എസ്. അശ്വതി, സംസ്ഥാന സമിതി അംഗം പ്രിജു വയനാട് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സി. ശിവശങ്കരൻ സ്വാഗതവും ജില്ലാ ട്രഷറർ വി. മണികണ്ഠൻ നന്ദിയും പറഞ്ഞു.