അടിമുടി നാടകീയതകൾ നിറഞ്ഞ പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ ട്വിസ്റ്റുകൾ അവസാനിക്കുന്നില്ല. പരാതി ഉണ്ട്, പരാതി ഇല്ല, പരാതി പിൻവലിക്കുന്നു, ഇപ്പോൾ വീണ്ടും പരാതി ഉണ്ട്.. എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ന് ആശയക്കുഴപ്പം തോന്നുന്ന ഈ കേസിൽ പരാതിക്കാരിയുടെ മൊഴിമാറ്റങ്ങളായിരുന്നു ട്വിസ്റ്റുകൾക്ക് വഴിവച്ചത്. ഏറ്റവും പുതിയ പരാതി ഇനി പിൻവലിക്കുമോ ഒത്തുതീർപ്പാവുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിലും പരാതിയും കേസും അതിന്റെ വഴിക്ക് പോവുക തന്നെ ചെയ്യുമെന്നാണ് പൊലീസ് നിലപാട്.
പരാതി പിൻവലിച്ച് ഭർത്താവിനൊപ്പം സമാധാനപരമായി ജീവിക്കാൻ പോയ പന്തീരങ്കാവ് സ്വദേശിനി ഭർത്താവിൽ നിന്ന് വീണ്ടും അടികിട്ടി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. “മീൻകറിക്ക് പുളിയില്ല” എന്നതായിരുന്നു പുതിയ പ്രശ്നത്തിന് തുടക്കമിട്ടതെന്ന് യുവതി നൽകിയ മൊഴിയിൽ പറയുന്നു.
ഞായറാഴ്ചയായിരുന്നു മർദ്ദനം നടന്നത്. തിങ്കഴാഴ്ച വീണ്ടും മർദ്ദിച്ചു. അടിയേറ്റതിന്റെ പ്രയാസങ്ങൾ പരിഹരിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതിയെത്തി. ഭർത്താവ് തന്നെയായിരുന്നു എത്തിച്ചത്. എന്നാൽ അവിടെ നിന്ന് ഇയാൾ മുങ്ങുകയായിരുന്നു. ചുണ്ടിനും ഇടത്തേ കണ്ണിനും പരിക്കുണ്ടെന്നാണ് യുവതിയെ ചികിത്സിച്ച ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഭർത്താവിനെതിരെ പരാതിയില്ലെന്ന് സത്യവാങ്മൂലം നൽകി ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിനാൽ വീണ്ടുമൊരു പരാതി നൽകാൻ യുവതി ആദ്യം തയ്യാറായില്ല. മാതാപിതാക്കളെത്തി പൊലീസുമായി സംസാരിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തതോടെ വീണ്ടും പരാതി നൽകാൻ യുവതി ഒടുവിൽ തയ്യാറാവുകയായിരുന്നു.
2024 മെയ് മാസത്തിലായിരുന്നു പന്തീരങ്കാവ് ഗാർഹിക പീഡനപരാതിയെന്ന കേസിന്റെ തുടക്കം. ആദ്യപരാതി നൽകിയത് മാതാപിതാക്കളുടെ നിർബന്ധം മൂലമായിരുന്നുവെന്നും രാഹുലേട്ടൻ പാവമാണെന്നുമായിരുന്നു യുവതിയുടെ വാക്കുകൾ. കേസിൽ ഏറെ പഴികേട്ട പൊലീസ് യുവതിയുടെ നിലപാടുമാറ്റത്തോടെ വെട്ടിലാവുകയും ചെയ്തിരുന്നു.
നിലവിൽ രണ്ടാമത്തെ പരാതിയിൽ കസ്റ്റഡിയിലായ രാഹുലിനെതിരെ വധശ്രമത്തിന് ഉൾപ്പടെയാണ് കേസെടുത്തിരിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെങ്കിലും അപ്രതീക്ഷിത ട്വിസ്റ്റ് വരുമോയെന്ന് കാത്തിരുന്ന് കാണാം.