സൗബിൻ ഷാഹിർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം പാതിരാത്രിയുടെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടി നായകനായി അഭിനയിച്ച് ഏറെ ശ്രദ്ധേയമായ പുഴു എന്ന ചിത്രത്തിന് ശേഷം റെത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാത്രി. ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് നിർമിക്കുന്നത്.
കുമളി, അണക്കര, കൊച്ചി ഭാഗങ്ങളിലാണ് ചിത്രീകരണം നടന്നത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഒരു കേസന്വേഷണത്തെ തുടർന്നുള്ള സംഭവവികാസങ്ങളാണ് ‘പാതിരാത്രി’ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് പാതിരാത്രി.
ഇലവീഴാപൂഞ്ചിറ എന്ന സൗബിൻ ചിത്രത്തിന് ശേഷം ഷാജി മാറാട് തിരക്കഥ രചിച്ച ചിത്രം കൂടിയാണിത്. നവ്യ നായരാണ് ചിത്രത്തിലെ നായിക. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ, ഇന്ദ്രൻസ്, ശബരീഷ്, ഹരിശ്രീ അശോകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.