ആലപ്പുഴ: ആലപ്പുഴയിൽ ലിയോ തേർട്ടീൻത് എച്ച് എസ് എസിലെ വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും. ഹയർസെക്കൻഡറി വിഭാഗത്തിലെ 27 വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. 12 പേർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. വിദ്യാർത്ഥികളിൽ ഒരാൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വിദ്യാർത്ഥികളുടെ കൈകളിലും കഴുത്തിലും വയറിലുമാണ് ചൊറിച്ചിലുണ്ടായത്. മെഡിക്കൽ സംഘം സ്കൂളിലെത്തി വിദ്യാർത്ഥികളെ പരിശോധിച്ചു. ചൊറിച്ചിൽ അസഹനീയമായതോടെയാണ് പലരും ചികിത്സ തേടിയത്. സ്കൂളിലെ പ്ലസ് വൺ സയൻസ് ബാച്ചിലെ വിദ്യാർത്ഥികൾക്കാണ് ആദ്യം ചൊറിച്ചിൽ അനുഭവപ്പെട്ടത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് സ്കൂൾ അധികൃതർ ആരോഗ്യ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു.
ആരോഗ്യവിഭാഗം സ്കൂളിലെത്തി ക്ലാസ് മുറികൾ അണുവിമുക്തമാക്കി. എന്നാൽ ഇതിന് പിന്നാലെ വീണ്ടും കുട്ടികൾക്ക് ചൊറിച്ചിൽ അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. പീന്നീട് ഹയർസെക്കൻഡറി ബ്ലോക്കിലെ മറ്റ് വിദ്യാർത്ഥികളിൽ കൂടി ചൊറിച്ചിൽ പടർന്നതോടെ സ്കൂളിന് അവധി നൽകി.
എന്തെങ്കിലും പ്രാണികൾ കടിച്ചതാണോ എന്നാണ് സ്കൂൾ അധികൃതർ സംശയിക്കുന്നത്. ചൊറിച്ചിലുണ്ടായ വിദ്യാർത്ഥികളെ മെഡിക്കൽ സംഘം വിശദമായി പരിശോധിച്ചിട്ടുണ്ട്.