ധാക്ക: ബംഗ്ലാദേശിൽ തുടരുന്ന സംഘർഷങ്ങൾക്കിടെ മൂന്ന് ഹിന്ദുക്ഷേത്രങ്ങൾ കൂടി തകർത്ത് അക്രമികൾ. ഫിറാംഗി ബസാറിലുള്ള ലോകോനാഥ് ക്ഷേത്രം, ഹസാരി ലൈനിലുള്ള കാളി മാതാ ക്ഷേത്രം, മാനസ മാതാ ക്ഷേത്രം എന്നിവയാണ് തകർത്തത്. ചറ്റോഗ്രാമിലാണ് സംഭവം നടന്നത്.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന അക്രമങ്ങളുടെ ബാക്കിപത്രമാണ് പുതിയ സംഭവവികാസങ്ങൾ. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഓഗസ്റ്റ് 5ന് രാജ്യത്ത് നിന്ന് പുറത്താക്കി ഭരണം അട്ടിമറിച്ച ശേഷം ഉടലെടുത്ത കലാപങ്ങളുടെ തുടർച്ചയാണിത്.
ഇസ്ലാമിക തീവ്രവാദികളുടെ സംഘടിത ആക്രമണങ്ങൾക്കെതിരെ ബംഗ്ലാദേശിലെ ഹിന്ദു സമൂഹം സമാധാനപരമായി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് വീണ്ടും സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആരാധനാലയങ്ങൾക്കും സ്വത്തിനും വീടിനും ജീവനും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് ഹൈന്ദവ നേതാക്കൾ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.
അത്തരത്തിൽ പ്രതിഷേധിച്ച ഹൈന്ദവ നേതാവും ഇസ്കോൺ സന്യാസിയുമായ ചിന്മയ് കൃഷ്ണദാസിനെ ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കുകയും ചെയ്തു. സംഭവത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരുന്നു.