കണ്ണൂർ: വളപട്ടണത്ത് ഒരു കോടി രൂപയും 300 പവൻ സ്വർണവും വജ്രാഭരണങ്ങളും കവർന്നതിന്റെ പിറ്റേന്നും കള്ളൻ ഇതേവീട്ടിൽ കയറിയെന്ന് റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാം ദിവസവും വീട്ടിൽ മറ്റാരും ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്നും കവർച്ചയ്‌ക്ക് പിന്നിൽ വീട്ടുകാരെ നേരിട്ട് അറിയുന്നവർ ഉണ്ടെന്നുമാണ് പൊലീസ് നിഗമനം.
മോഷണ കേസുമായി ബന്ധപ്പെട്ട അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കർണാടകയിലും തമിഴ്നാട്ടിലുമാണ് അന്വേഷണം നടക്കുന്നത്. വീട്ടീന് അകത്തു നിന്ന് ലഭിച്ച ഉളിയും 16 കൈവിരൽ അടയാളങ്ങളും അന്വേഷണത്തിൽ നിർണായകമാണ്. വീട്ടിനകത്ത് കയറി മോഷണം നടത്തിയത് ഒരാൾ ആണെങ്കിലും പ്രതിക്ക് പുറമെനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.
വളപ്പട്ടണം മന്നയിലാണ് സംഭവമുണ്ടായത്. മൊത്തവ്യാപാരി കെ.പി അഷ്റഫിന്റെ വീട് കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവരുകയായിരുന്നു. പിറ്റേദിവസവും കള്ളൻ ഇതേ വീട്ടിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് നിലവിൽ പൊലീസിനു ലഭിച്ചിരിക്കുന്നത്. എന്നാൽ രണ്ടുപേരും ഒരേ കള്ളനാണോയെന്ന കാര്യം വ്യക്തമല്ല.