ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാവ് ബജ്‌രംഗ് പൂനിയക്ക് 4 വർഷത്തെ വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (NADA)യാണ് ഗുസ്തി താരത്തിന് വിലക്കേർപ്പെടുത്തിയത്. മാർച്ച് 10 ന് ദേശീയ ടീം സെലക്ഷൻ ട്രയൽസിൽ ഉത്തേജക പരിശോധനയ്‌ക്കുള്ള സാമ്പിൾ സമർപ്പിക്കാൻ വിസമ്മതിച്ചതിനാണ് താരത്തെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. നാഡയുടെ ഉത്തേജക വിരുദ്ധ നിയമങ്ങളിലെ ആർട്ടിക്കിൾ 10.3.1 ന്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇതോടെ താരത്തിന് ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കാനോ വിദേശത്ത് കോച്ചിങ് അവസരങ്ങൾ ഉപയോഗിക്കാനോ സാധിക്കില്ല. ഏപ്രിൽ 23-ന് ഇതേ കുറ്റത്തിന് ബജ്‌രംഗ് പൂനിയയ്‌ക്ക് NADA താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് വേൾഡ് റെസ്‌ലിങ് ഗവേണിംഗ് ബോഡിയും (UWW) ബജ്‌രംഗിനെ സസ്പെൻഡ് ചെയ്തു. താൽക്കാലിക സസ്‌പെൻഷനെതിരെ ബജ്‌രംഗ് അപ്പീൽ നൽകിയിരുന്നു. ഇത് പരിഗണിച്ച NADA-യുടെ ആൻ്റി ഡിസിപ്ലിനറി ഡോപ്പിംഗ് പാനൽ (ADDP) 2024 മെയ് 31-ന് വിലക്ക് അസാധുവാക്കി വിധി പുറപ്പെടുവിച്ചു.
ഒരു ഔപചാരിക കുറ്റപത്രം ലഭിക്കുന്നത് വരെയാണ് വിലക്ക് റദ്ദാക്കിയത്. ഇതിനുപിന്നാലെ ജൂൺ 23-ന് നാഡ താരത്തിന് ഔദ്യോഗിക അറിയിപ്പ് നൽകി. തുടർന്ന് സെപ്റ്റംബർ 20, ഒക്ടോബർ 4 തീയതികളിൽ നടന്ന ഹിയറിംഗിനും ശേഷമാണ് ഏപ്രിൽ 23 മുതൽ നാല് വർഷത്തെ വിലക്ക് നടപ്പിലാക്കാൻ ADDP വിധിച്ചത്. എന്നാൽ തന്റെ വിസമ്മതം മനഃപൂർവമല്ലെന്നും നാഡയുടെ പ്രക്രിയകളിലുള്ള വിശ്വാസക്കുറവാണ് ഇതിന് കാരണമെന്നുമാണ് ബജ്‌രംഗിന്റെ വാദം.















