കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരി ഇനി ഭർത്താവിന്റെ അടുത്തേക്ക് തിരികെ പോകില്ലെന്ന് വ്യക്തമാക്കി യുവതിയുടെ അച്ഛൻ. രാഹുൽ സ്ഥിരം മദ്യപാനിയാണെന്നും സൈക്കോ ആണെന്നും പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചു. മകൾ ഇനി തിരിച്ചുപോകില്ല. മുൻപ് സംഭവിച്ചത് ആവർത്തിക്കില്ലെന്നും ഇത്തവണ പരാതി പിൻവലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മകൾക്ക് തെറ്റ് മനസിലായി. ഇനി തിരിച്ചുപോകില്ല. രാഹുൽ ഒരു ഫ്രോഡാണ്. ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കും മകൾ മർദ്ദനത്തിനിരയായി. അവൻ മർദ്ദിച്ചിട്ടുണ്ടെന്ന് പൊലീസും പറഞ്ഞിരുന്നു. ഇനി ഒരു ഒത്തുതീർപ്പിന് നിന്നുകൊടുക്കില്ല. രാഹുലിനൊപ്പം ഒന്നിച്ചുജീവിക്കാൻ തയ്യാറല്ലെന്ന് മകൾ തീർത്തുപറഞ്ഞതായും പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.
മുൻപ് സംഭവിച്ചത് ഇനി ആവർത്തിക്കില്ല. അന്ന് പരാതികൊടുത്തപ്പോൾ രാഹുലിന്റെ കുടുംബം മകളുടെ മനസുമാറ്റി അവളെ കസ്റ്റഡിയിലാക്കുകയായിരുന്നു. അവരുടെ സമ്മർദത്തിലാണ് മകൾ മൊഴിമാറ്റിയത്. സമാനതകളില്ലാത്ത പീഡനമാണ് അവൾക്ക് നേരിടേണ്ടി വന്നത്. ഇനി ഒരുമിച്ച് ജീവിക്കാൻ തയാറല്ലെന്ന് മകൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കേസിൽ ഇനി ഒരു ട്വിസ്റ്റും ഉണ്ടാവില്ലെന്നും പിതാവ് പറഞ്ഞു.
വിവാഹം കഴിഞ്ഞ് നാളുകൾക്കുള്ളിൽ നവവധുവിനെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് രാഹുലിനെതിരെ പെൺകുട്ടിയുടെ വീട്ടുകാരാണ് ആദ്യം പൊലീസിന് പരാതി നൽകിയത്. എന്നാൽ ഈ പരാതി പിന്നീട് പെൺകുട്ടി തന്നെ പിൻവലിക്കുകയായിരുന്നു. തുടർന്ന് ഒന്നരമാസം മുൻപ് ഈ കേസ് ഹൈക്കോടതി റദ്ദാക്കി. ഇതിനുപിന്നാലെ ഇരുവരും കോഴിക്കോട്ട് പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടില്‍ താമസം തുടങ്ങിയിരുന്നു.
എന്നാൽ കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി വീണ്ടും ഗുരുതരമായി മർദ്ദനമേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്സ തേടുകയായിരുന്നു. ഇത്തവണ മീൻകറിക്ക് പുളിയില്ലെന്ന് പറഞ്ഞാണ് രാഹുൽ മർദ്ദിച്ചതെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച ശേഷം മുങ്ങിയ രാഹുലിനെ പൊലീസ് പിടികൂടിയിരുന്നു.















