ഹൈന്ദവ സംഘടനകളുടെ പോരാട്ടങ്ങൾക്കും മെട്രോമാൻ ഇ ശ്രീധരന്റെ ഇടപെടലുകൾക്കും മുന്നിൽ മുട്ടുമടക്കി സർക്കാർ. ത്രിമൂർത്തി സംഗമസ്ഥാനം നിലനിർത്തിയും കേളപ്പജി സ്മാരകം സംരക്ഷിച്ചും ഭാരതപ്പുഴയ്‌ക്ക് കുറുകെ തിരുനാവായ-തവനൂർ പാലം നിർമിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. സ്ഥലം സന്ദർശിച്ച സംഘം മെട്രോമാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്.
കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ തിരുനാവായ നവാമുകുന്ദക്ഷേത്രത്തിലെ പാരമ്പര്യ ബലിതർപ്പണം നശിപ്പിക്കുന്ന തരത്തിലായിരുന്നു സർക്കാർ രൂപീകരിച്ച സമിതി പാലത്തിനായി അലൈൻമെന്റ് തയ്യാറാക്കിയത്. ത്രിമൂർത്തി സംഗമ സ്ഥാനം കൂടിയായ ഇവിടെ ഇത് ഭേദിക്കുന്ന തരത്തിലായിരുന്നു അലൈൻമെന്റ. കേരള ഗാന്ധി കെ. കേളപ്പന്റെ സ്മാരകം കൂടി തകർക്കുന്ന തരത്തിലായിരുന്നു പാലം നിർമാണം വിഭാവനം ചെയ്തത്. എന്നാൽ ഇതിനെതിരെ മെട്രോമാൻ ഇ. ശ്രീധരൻ കോടതിയെ സമീപിക്കുകയും പാലം നിർമാണത്തിന് സ്റ്റേ വാങ്ങുകയും ചെയ്തു.
പുതിയ അലൈൻമെന്റ് അദ്ദേഹം കോടതിയിൽ സമർപ്പിച്ചു. 4.20 കോടി രൂപ ലാഭത്തിൽ നിർമിക്കാവുന്ന ഈ അലൈൻമെന്റ് സാംസ്‌കാരിക പൈതൃകങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ളത് കൂടിയായിരുന്നു. കെ.ടി ജലീൽ എംഎൽഎ വിഭാവനം ചെയ്ത പദ്ധതിയാണ് ഇതോടെ പൊളിഞ്ഞത്.
കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മെട്രോമാൻ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അദ്ദേഹം നൽകിയ അലൈൻമെന്റാണ് കൂടുതൽ അനുയോജ്യമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
ഹൈന്ദവ പൈതൃകങ്ങൾ ഏറെയുള്ള പദ്ധതി പ്രദേശത്ത് ഇത് തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നേരത്തെ സർക്കാർ അലൈൻമെന്റ് തയ്യാറാക്കിയത്. മതമൗലികവാദ സംഘടനകളുടെ കണ്ണിലെ കരടായിരുന്ന കെ കേളപ്പന്റെ സ്മാരകം തകർക്കുക, തിരുന്നാവായയിലെ ബലിതർപ്പണ കേന്ദ്രം നശിപ്പിക്കുക എന്ന ലക്ഷ്യങ്ങളായിരുന്നു ഇതിന് പിന്നിലെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.















