ന്യൂഡൽഹി: ഇസ്രായേലും ലെബനനും തമ്മിൽ നിലവിൽ വന്ന വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ. സംഘർഷങ്ങൾ കുറയ്‌ക്കാനും സംയമനം പാലിക്കാനും ചർച്ചയുടെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങുന്നതിനുമാണ്ഇന്ത്യ എല്ലായ്‌പ്പോഴും ആഹ്വനം ചെയ്തിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
“ഇസ്രായേലിനും ലെബനനും ഇടയിൽ പ്രഖ്യാപിച്ച വെടിനിർത്തലിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സംഘർഷം കുറയ്‌ക്കാനും സംയമനം പാലിക്കാനും ചർച്ചയുടെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങാനും ഞങ്ങൾ എല്ലായ്‌പ്പോഴും ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ സംഭവവികാസങ്ങൾ മേഖലയിൽ സമാധാനത്തിനും സ്ഥിരതയ്‌ക്കും കാരണമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാ മന്ത്രിസഭാ യോഗത്തിൽ വെടിനിർത്തൽ കരാർ അംഗീകരിച്ചത്. എന്നാൽ ലെബനനിൽ എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വെടിനിർത്തൽ കരാറിന്റെ കാലാവധി തീരുമാനിക്കപ്പെടുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള യുഎസ്-ഫ്രാൻസ് നിർദ്ദേശങ്ങൾ ഇസ്രായേലും ലെബനനും അംഗീകരിച്ചതിനെ യുഎസ് പ്രസിഡന്റ് ജോ ബൈഡനും സ്വാഗതം ചെയ്തിരുന്നു.