ചെന്നൈ: ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യയുടെ 45-ാമത്തെ ചിത്രത്തിന് തുടക്കമായി. പൊള്ളാച്ചിയിലെ ശ്രീ മസാനിയമ്മൻ ക്ഷേത്രത്തിലാണ് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്. ‘സൂര്യ 45’ എന്നാണ് ചിത്രത്തിന് താത്കാലികമായി ഇട്ടിരിക്കുന്ന പേര്. അണിയറ പ്രവർത്തകരുടെ സാന്നിധ്യത്തിൽ സൂര്യ വിളക്ക് കൊളുത്തി ചിത്രത്തിന് തുടക്കമിട്ടു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും അണിയറ
പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.
നാളെ (നവംബർ 28) മുതൽ കോയമ്പത്തൂരിലാണ് ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ആരംഭിക്കുന്നത്. 20 വർഷങ്ങൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2005-ൽ പുറത്തിറങ്ങിയ ആരു എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. സൂര്യ- ബാലാജി കൂട്ടുകെട്ടിലൊരുങ്ങുന്ന ആദ്യ സിനിമയാണ് ‘സൂര്യ 45’.
വർഷങ്ങൾക്ക് മുമ്പ് നടൻ വിജയ് ആർ ജെ ബാലാജിയോട് പങ്കുവച്ച ഒരു പ്രമേയത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ് ചിത്രം നിർമിക്കുന്നത്. എആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
സൂര്യ 44 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. കാർത്തിക് സുബ്ബരാജ് നിർമിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ, ജയറാം, ജോജു ജോർജ്, കരുണാകരൻ, പ്രകാശ് രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ട്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.















