സിനിമാ മേഖല, മോശം ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നാണ് ജനങ്ങൾ വിശ്വസിക്കുന്നതെന്ന് ബോളിവുഡ് നടി മനീഷ കൊയ്‌രാള. ഇന്ന് മഞ്ഞ പത്രപ്രവർത്തനമാണ് നടക്കുന്നതെന്നും അതുകൊണ്ട് ഇവിടെ നെഗറ്റീവ് വാർത്തകൾ മാത്രമാണ് പ്രചരിക്കുന്നതെന്നും മനീഷ കൊയ്‌രാള പറഞ്ഞു. സഞ്ജയ് ലീല ബൻസാലിയുടെ ഹീരമാണ്ഡി എന്ന ചിത്രത്തിലൂടെയുടെയാണ് മനീഷ കൊയ്രാള വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചുവന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തുവരാനിരിക്കെ സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
മോശം ആളുകളെ കൊണ്ട് സിനിമാ മേഖല നിറഞ്ഞിരിക്കുന്നു എന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്. എല്ലാത്തിനെയും ആദ്യം സംശയിക്കും പിന്നീട് വിമർശിക്കും, അതിന് ശേഷം മാത്രമാണ് അംഗീകരിക്കുന്നത്. 30 വർഷത്തിന് ശേഷം ഞാൻ സിനിമയിലേക്ക് വന്നപ്പോഴും ഇത് തന്നെയാണ് എനിക്ക് അനുഭവപ്പെട്ടത്. എന്നെ വിമർശിച്ച ആളുകൾ തന്നെ പിന്നീട് എന്നെ വന്ന് അഭിനന്ദിച്ചിട്ടുണ്ടെന്നും മനീഷ കൊയ്‌രാള പറഞ്ഞു.
ഹീരമാണ്ഡിയുടെ രണ്ടാം ഭാഗം ഒടിടിയിൽ റീലിസ് ചെയ്യുന്നതിനെ കുറിച്ചും താരം സംസാരിച്ചു. ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നതിൽ ഒരുപാട് പേർ ആശങ്ക പ്രകടപ്പിച്ചിരുന്നു. പുതിയ കാര്യങ്ങളോടൊപ്പം സഞ്ചരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒടിടിയിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ ഒരുപാട് പേർ സംസാരിച്ചു. പക്ഷേ, എനിക്ക് അതിൽ ഒരു സംശയവും തോന്നിയില്ല. കാരണം, സിനിമയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പുതിയ സംവിധായകന്മാർക്കും തിരക്കഥാകൃത്തുകൾക്കും ഇതൊരു പ്രോത്സാഹനമാണെന്നും മനീഷ കൊയ്‌രാള പറഞ്ഞു.
മനീഷ കൊയ്രാള, സോനാക്ഷി സിൻഹ, ഷർമിൻ സെഹ്ഗാൾ, സഞ്ജീദ ഷെയ്ഖ്, റിച്ച ചദ്ദ, താഹ ഷാ, അതിഥി റാവു എന്നിവരാണ് ഹീരമാണ്ഡിയിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.















