ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ തെഹ്രീക് ഇ- ഇൻസാഫ് (പിടിഐ) പ്രവർത്തകർ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് 1,000 പേരെ അറസ്റ്റ് ചെയ്തു. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് 20,000 സുരക്ഷാ സേനാംഗങ്ങളെ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. അക്രമികളെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പാകിസ്താൻ പാർലമെന്റിന്റെയും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിക്കും മുന്നിലാണ് പ്രതിഷേധക്കാർ കലാപം പുറപ്പെടുവിച്ചത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ ടിയർഗ്യാസ് പ്രയോഗവും റബ്ബർ ബുള്ളറ്റ് വെടിവെപ്പും പൊലീസ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ നാല് പാരാമിലിട്ടറി ജവാന്മാരും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു.
സമാധാനപരമായി പ്രതിഷേധം നടത്തണം എന്നതായിരുന്നു ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ നിർദേശം. സോഷ്യൽ മീഡിയയിലൂടെ പാർട്ടി ഇമ്രാൻ ഖാന്റെ പ്രസ്താവന പുറത്തിറക്കിയതോടെ പിടിഎ പ്രവർത്തകർ അണിനിരക്കാൻ തുടങ്ങുകയായിരുന്നു. എന്നാൽ, ഇതൊരു സമാധാനപരമായ പ്രതിഷേധമല്ലെന്നും തീവ്രവാദമാണ് നടക്കുന്നതെന്നും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വിമർശിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇസ്ലാമാബാദിലേക്ക് എത്തിയ പിടിഐ നേതാക്കൾ, ഇമ്രാൻഖാൻ ജയിൽ മോചിതനാകുന്നതുവരെ നഗരത്തിൽ തന്നെ തുടരുമെന്ന് ആഹ്വാനം ചെയ്തു. എന്നാൽ സുരക്ഷാസേന നടപടി കടുപ്പിച്ചതോടെ പിടിഐ പ്രതിഷേധം പിൻവലിച്ചിട്ടുണ്ട്.