വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടെ കടുത്ത തീരുമാനവുമായി ടർക്കിഷ് തർക്കം സിനിമയുടെ നിർമാതാക്കൾ. നിരൂപക പ്രശംസകൾ നേടി തിയേറ്ററുകളിൽ മുന്നേറുന്ന ചിത്രമാണ് ’ടർക്കിഷ് തർക്കം‘. എന്നാൽ സിനിമ മുസ്ലീം മതവിശ്വാസത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം തീവ്രമതവാദികൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുന്നതായി നിർമാതാക്കളായ ബിഗ് പിക്ചേഴ്സ് അറിയിച്ചത്. കൊച്ചിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് നിർമാതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്.
ആവശ്യമെങ്കിൽ ചില സീനുകൾ ചിത്രത്തിൽ നിന്നും ഒഴിവാക്കുമെന്നും ഒരു സമുദായത്തിനെതിരെയും സിനിമ ശബ്ദമുയർത്തുന്നില്ലെന്നും നിർമാതാക്കൾ പറഞ്ഞു. “നല്ല പണം മുടക്കി എടുത്ത സിനിമയാണിത്. ഭീമമായ നഷ്ടമുണ്ടാകും എന്ന് തോന്നിയത് കൊണ്ടാണ് ചിത്രം ഇപ്പോൾ പിൻവലിക്കുന്നത്. ചിലർക്ക് ചിത്രത്തിലെ കുറച്ച് സംഭാഷങ്ങളാണ് മതത്തനെതിരായി തോന്നിയത്. വിമർശനങ്ങൾ ഉയർന്ന സീനുകൾ ഒഴിവാക്കാൻ ഞങ്ങൾ തയാറാണ്.
സിനിമ കണ്ടിട്ടില്ലാത്ത പ്രത്യേക വിഭാഗം ആളുകളാണ് സിനിമക്കെതിരെ സംസാരിക്കുന്നത്. സെൻസർ ബോർഡിന് പ്രശ്നമില്ലാത്ത ചിലത് ചില ആളുകൾക്ക് പ്രശ്നമായിരിക്കും. അവരുടെ ആചാരാനുഷ്ഠാനങ്ങളെ ബാധിക്കുമെന്നാണ് അവർ പറയുന്നത്. അത് ഞങ്ങൾക്ക് മനസിലാകുന്നുണ്ട്. ഒന്നിനെയും എതിർത്ത് പറഞ്ഞതല്ല, ഇതിന്റെ കഥാപശ്ചാത്തലം അങ്ങനെ ആയതുകൊണ്ടാണ് ചില സീനുകൾ അങ്ങനെ പറയേണ്ടി വന്നത്”.
ആർക്കും എതിരായി പറയുന്ന ഒരു സീനും സിനിമയിലില്ല. സിനിമ എന്നുള്ള രീതിയിൽ മാത്രം കഥയെ കാണുക. ഇനി എന്തെങ്കിലും കറക്ഷൻസ് വരുത്തണമെങ്കിൽ അതൊക്കെ വരുത്തി മുന്നോട്ട് പോകാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ഒരു സമുദായത്തിനെതിരെയും ചിത്രം പറയുന്നില്ല. ഇതുവരെ ആരും പറയാത്തൊരു പ്രമേയമാണ് ചിത്രം കൊണ്ടുവന്നത്. ഒരു പ്രമോഷനും ഇല്ലാതെയാണ് സിനിമ റിലീസ് ചെയ്തത്. അപൂർവ്വം ചില ആളുകൾ മാത്രമാണ് വിമർശിച്ചതെന്നും നിർമാതാക്കൾ പറഞ്ഞു.















