ലണ്ടനിലെ ബാപ്സ് മന്ദിറിൽ ദർശനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും സന്യാസി സമൂഹവുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു. ഹിന്ദു സനാതന ധർമത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു.
ഹൈന്ദവ സംസ്കാരം ലോകമെമ്പാടും വ്യാപിക്കുന്നുവെന്നും 33 കോടി ദൈവങ്ങളെ ആരാധിക്കാൻ മാത്രം വിശാലമാണെന്നും അദ്ദേഹം പറഞ്ഞു. അഹിംസയുടെ പാതയിൽ ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുകയെന്ന തത്വത്തിലധിഷ്ഠിതമാണ് സനാതന ധർമം. സ്വാമി നാരായൺ സമ്പ്രദായം രാജ്യത്തിന് മഹത്വം കൊണ്ടുവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്രത്തിലെ വാസ്തുവിദ്യാ ഘടനയുടെ ഭംഗിയെയും അദ്ദേഹം പ്രശംസിച്ചു. കരകൗശല വസ്തുക്കളും പുരാവസ്തുക്കളും ക്ഷേത്രത്തിലുണ്ട്. മനുഷ്യനിലെ നന്മെ ഉളവാക്കാൻ ഇവയ്‌ക്ക് സാധിക്കുന്നു. നിരവധി വെല്ലുവിളികളാണ് മുന്നിലുള്ളത്. സനാതന ധർമമാണ് അവയെ നേരിടാനുള്ള ശക്തി നൽകുന്നതും മനുഷ്യത്വത്തിന്റെ പാത പിന്തുടരാനും അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുകെ, ജർമനി എന്നിവിടങ്ങളിലായി ആറ് ദിവസത്തെ സന്ദർശനത്തിനെത്തിയതാണ് മോഹൻ യാദവ്. നിക്ഷേപം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളിലെയും വ്യവസായികൾ, വ്യവസായ പ്രമുഖർ, സർക്കാർ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.















