മലയാള സീരിയലുകൾ എൻഡോസൾഫാൻ പോലെ വിഷമാണെന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ. സീരിയലുകളെ കുറിച്ച് പറഞ്ഞതിൽ മാറ്റമില്ലെന്നും സദുദ്ദേശപരമായ പരാമർശത്തിന് എതിർപ്പുകളേക്കാൾ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും പ്രേംകുമാർ പറഞ്ഞു. സീരിയലുകൾക്കെതിരെയുള്ള പ്രേംകുമാറിന്റെ പരാമർശത്തിനെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. ഇതിനെതിരെയായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.
എനിക്ക് എന്റെ വ്യക്തിപരമായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉള്ളത് പോലെ ആർക്കും അവരുടെ അഭിപ്രായങ്ങളും നിലപാടുകളും പറയാം. സീരിയലുകൾക്ക് സെൻസറിംഗ് വേണമെന്ന് പത്ത് വർഷങ്ങൾക്ക് മുമ്പ് തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. സിനിമ ആയാലും സീരിയലായാലും അത് പൊതുസമൂഹത്തിന്റെ ഇടയിലേക്കാണ് പോകുന്നത്. അതിലൊരു പാളിച്ച ഉണ്ടായാൽ മുഴുവൻ സമൂഹത്തെയും ബാധിക്കുമെന്ന തിരിച്ചറിവ് ഉള്ളത് കൊണ്ടാണ് വർഷങ്ങൾക്ക് മുമ്പ് തന്നെ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്.
സീരിയലുകളെ കുറിച്ച് മാത്രമല്ല, കലയുടെ പേരിലും വ്യാജ നിർമിതികൾ ഉണ്ടാവുന്നതിനെയാണ് എൻഡോസൾഫാൻ എന്ന് ഉദ്ദേശിച്ചത്. സീരിയലുകൾ കുടുംബസദസിലേക്കാണ് പോകുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളും ഇതിന്റെ ഇരയാവുകയാണ്. എല്ലാ സീരിയലുകളുമല്ല, ചിലത് കുടുംബ ബന്ധങ്ങളെ വരെ ശിഥിലമാക്കുന്നു.
മലയാളത്തിലെ ആദ്യത്തെ സീരിയലിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഇവിടെ മാറ്റം ഉണ്ടാകണം എന്ന് വിചാരിച്ചാണ് ഇത് തുറന്നുപറഞ്ഞത്. എന്തൊക്കെ കാര്യങ്ങളാണ് പ്രേക്ഷകരിലേക്ക് എത്തിക്കേണ്ടത് എന്ന കാര്യത്തിൽ സ്വയം നിയന്ത്രണം ഉണ്ടാകണം. ആ ഉത്തരവാദിത്തം അവർ നിറവേറ്റിയില്ലെങ്കിൽ അവിടെ സാംസ്കാരിക-നയ വകുപ്പിന് ഇടപെടേണ്ടിവരുമെന്നും പ്രേംകുമാർ പറഞ്ഞു.
നേരത്തെ വനിത കമ്മീഷനും സീരിയലുകൾക്ക് സെൻസറിംഗ് വേണമെന്ന് നിർദേശിച്ചിരുന്നു. മെഗാ സീരിയലുകൾക്ക് പകരം 20, 30
എപ്പിസോഡുകളുള്ള സീരിയലുകൾ മതിയെന്നും ഒരു ചാനലിൽ രണ്ട് സീരിയൽ മതിയെന്നുമായിരുന്നു വനിത കമ്മീഷന്റെ നിർദേശം.















