ലണ്ടൻ: യുകെയിൽ നിന്ന് മധ്യപ്രദേശിലേക്ക് 60,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചതായി മുഖ്യമന്ത്രി മോഹൻ യാദവ്. നിരവധി അവസരങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്ന സംസ്ഥാനമായി മധ്യപ്രദേശ് മാറുന്നതിന്റെ സൂചനയാണ് യുകെയിൽ നിന്ന് ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം, കൃഷി, നൂതനാശയങ്ങൾ, ഖനനം, സേവനം തുടങ്ങി വിവിധ മേഖലയിലാണ് നിക്ഷേപകർ താത്പര്യം പ്രകടിപ്പിച്ചത്. അന്താരാഷ്‌ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിലും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലും നിർണായകമായിരുന്നു സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു. ത്രിദിന യുകെ സന്ദർശനത്തിന് ശേഷം ജർമനിയിലേക്ക് പുറപ്പെട്ടിരിക്കുകയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി.
യുകെ സന്ദർശനത്തിനിടെ മോഹൻ യാദവ് വാർവിക് മാനുഫാക്ചറിംഗ് ഗ്രൂപ്പ് (WMG) ക്യാമ്പസ് സന്ദർശിച്ചു. 30,000-ത്തിലധികം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നതെന്നും ഇന്ത്യൻ വിദ്യാർത്ഥികളുമായി സംവദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാവസായിക തലത്തിന് അപ്പുറത്തേക്ക് സാമൂഹികപരമായ നേട്ടങ്ങളും ക്യാമ്പസ് വഴി കുട്ടികൾക്ക് ലഭിക്കുന്നുവെന്നുംവരും തലമുറയ്‌ക്ക് തന്നെ ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















