ന്യൂഡൽഹി: അരുണാചൽപ്രദേശിൽ ചൈനയോട് ചേർന്ന് യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് സമീപമായി 1637 കിലോമീറ്റർ നീളത്തിൽ ദേശീയപാത നിർമ്മാണത്തിന് 28,229 കോടി രൂപ അനുവദിച്ച് കേന്ദ്രം. 12 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ദേശീയപാതയ്‌ക്ക് 40,000 കോടി രൂപ നിർമ്മാണ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ ഒന്നാകെയുള്ള വികസനത്തിന് പുറമെ, ചൈനയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും രീതിയിൽ ആക്രമണം ഉണ്ടായാൽ അതിനെ ചെറുക്കുക എന്ന ലക്ഷ്യവും ഹൈവ നിർമ്മാണത്തിന് പിന്നിലുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറയുന്നു.
ചൈനയ്‌ക്ക് പുറമെ ടിബറ്റ്, മ്യാൻമർ എന്നീ രാജ്യങ്ങളുടേയും അതിർത്തി മേഖലയ്‌ക്ക് സമീപത്ത് കൂടി ഈ പദ്ധതി കടന്നു പോകുന്നു. അന്താരാഷ്‌ട്ര അതിർത്തികളിൽ നിന്നും 20 കിലോമീറ്റർ ദൂരത്തിലാണ് ഹൈവേ വരുന്നത്. അരുണാചലിലെ ബോംഡിലയിൽ നിന്ന് തുടങ്ങീ നഫ്ര, ഹുറി, മോനിഗോങ് തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെയെല്ലാം കടന്ന് ഇന്ത്യ-മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള വിജയനഗറിൽ ഹൈവേ അവസാനിക്കും.
1683 ഗ്രാമങ്ങളെയാണ് ദേശീയപാത വഴി ബന്ധിപ്പിക്കുന്നത്. 2027ഓടെ റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്ന് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ചീഫ് എൻജിനീയറും പ്രോജക്ട് ബ്രഹ്‌മാങ്ക് മേധാവിയുമായ സുഭാഷ് ചന്ദ്ര ലൂനിയ പറഞ്ഞു. ” ദേശീയപാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 198 കിലോമീറ്റർ ദൂരത്തിലെ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ബ്രഹ്‌മാങ്ക് പദ്ധതി ആരംഭിച്ചതിന് ശേഷം ഇതുവരെ 17 റോഡുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. 496 കിലോമീറ്ററാണ് ഇവയുടെ ആകെ ദൂരം. പ്രതികൂല കാലാവസ്ഥയെ മറികടന്ന് റോഡുകൾ നിർമ്മിക്കുന്നതിലും ബ്രഹ്‌മാങ്ക് പ്രോജക്ടിന് കീഴിൽ സൈനികർക്കും പൊതുജനങ്ങൾക്കും സേവനം ഉറപ്പാക്കാൻ ബിആർഒ പ്രതിജ്ഞാബദ്ധമാണെന്നും” അദ്ദേഹം പറഞ്ഞു.















