അന്താരാഷ്‌ട്ര തലത്തിൽ തേങ്ങയുടെ പ്രിയമേറുന്നു. ഇന്ത്യയിൽ നാളികേരത്തിന്റെയും കൊപ്രയുടെയും വില കുതിക്കുകയാണ്. പ്രധാന നാളികേര ഉത്പാദക രാജ്യങ്ങളിലെല്ലാം തേങ്ങയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. സെപ്റ്റംബറോടെയാണ് ഇന്ത്യയിൽ തേങ്ങയുടെ വില കൂടിയത്. അന്താരാഷ്‌ട്ര തലത്തിലും ഇത് കാര്യമായ മാറ്റമാണ് സൃഷ്ടിച്ചത്.
നാളികേരത്തിനും കൊപ്രയ്‌ക്കും ഉയർന്ന വില ഇന്ത്യയിലാണ്. വെളിച്ചെണ്ണ, ചിരകിയ തേങ്ങ എന്നിവയ്‌ക്ക് ശ്രീലങ്കയിലാണ് ഉയർന്ന വില. ഇതിന് പുറമേ ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലും സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്. ഫിലിപ്പീൻസിൽ തേങ്ങാ വില ഒരു വർഷത്തിനിടെ 52 ഡോളറാണ് കൂടിയത്. പച്ചത്തേങ്ങയ്‌ക്ക് ടണ്ണിന് 176 ഡോളറും ഇന്തോനേഷ്യയിൽ 259 ഡോളറും ശ്രീലങ്കയിൽ 358 ഡോളറുമാണ് നവംബറിലെ ഉയർന്ന വില. ഇന്ത്യയിൽ ഇത് 642 ഡോളറാണ്.
കൊപ്രയ്‌ക്ക് ഇന്ത്യയിൽ നവംബറിലെ ഏറ്റവും ഉയർന്ന വില ടണ്ണിന് 1,570 ഡോളറാണ്. ശ്രീലങ്കയിൽ 1,498 ഡോളറും ഇന്തോനേഷ്യയിൽ 943 ഡോളറും ഫിലിപ്പീൻസിൽ 873 ഡോളറുമാണ്. ഒരു വർഷത്തിനിടെ തേങ്ങയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വിലയിലുണ്ടായ വർദ്ധന ടണ്ണിന് 50 ഡോളർ മുതൽ 1,600 ഡോളർ വരെയാണ്. തേങ്ങ ആവശ്യത്തിന് കിട്ടാത്തതാണ് വില കൂടാൻ കാരണം.