ന്യൂഡൽഹി: വയനാട് എംപിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്കാ വദ്ര പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭാ സ്പീക്കർ ഓംബിർലയുടെ സാന്നിധ്യത്തിലാണ് പ്രിയങ്ക വയനാട് ലോകസംഭാംഗമായി സത്യവാചകം ചൊല്ലിയത്. കേരളത്തിൽ നിന്നുള്ള ഏക വനിതാ ലോക്സംഭാംഗമാണ്. രാവിലെ 11 മണിയോടെയായിരുന്നു സത്യപ്രതിജ്ഞ.
രാജ്യസഭാംഗവും അമ്മയുമായ സോണിയ ഗാന്ധി, ഭർത്താവ് റോബർട്ട് വദ്ര, മക്കളായ റെയ്ഹാൻ, മിരായ എന്നിവരും മറ്റ് കുടുംബാംഗങ്ങളും സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സന്ദർശക ഗാലറിയിൽ എത്തിയിരുന്നു. മകൾ എംപിയാകുന്നതിൽ അഭിമാനമെന്ന് സോണിയാ ഗാന്ധി പ്രതികരിച്ചു. പ്രിയങ്കയുടെ സഹോദരനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുലും പാർലമെന്റ് കവാടം മുതൽ പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
സാരിയുടുത്ത് കേരള വേഷധാരിയായിട്ടാണ് പ്രിയങ്ക സത്യപ്രതിജ്ഞയ്‌ക്ക് എത്തിയത്. കേരളത്തിൽ നിന്നുളള യുഡിഎഫ് എംപിമാർ പാർലമെന്റി്‌ന്റെ പ്രവേശന കവാടം മുതൽ പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സത്യപ്രതിജ്ഞാ സമയത്ത് ഭരണഘടനയുടെ ചെറുപതിപ്പും പ്രിയങ്ക കൈയ്യിൽ പിടിച്ചിരുന്നു. പ്രിയങ്ക കൂടിയെത്തുന്നതോടെ നെഹ്റു കുടുംബത്തിലെ മൂന്ന് അംഗങ്ങളാണ് പാർലമെന്റിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. 4TH PARA
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ആയിരുന്നു വയനാട് എംപിയായി വിജയിച്ചത്. എന്നാൽ റായ്ബറേലിയിലും വിജയിച്ചതോടെ വയനാട് മണ്ഡലം രാഹുൽ ഉപേക്ഷിച്ചു. തുടർന്നാണ് പ്രിയങ്ക സ്ഥാനാർത്ഥിയായത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വയനാട്ടിൽ വന്നപ്പോഴും ഭർത്താവ് റോബർട്ട് വദ്രയും മകനും ഉൾപ്പെടെ പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു. നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക വിജയിച്ചത്.
അതേസമയം പ്രിയങ്കയുടെ സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ പ്രതിപക്ഷം പാർലമെന്റിൽ പതിവുപോലെ ബഹളം ആരംഭിച്ചു. മുദ്രാവാക്യം വിളികളുമായി ചിലർ നടുത്തളത്തിലേക്ക് ഇറങ്ങി. സമാജ് വാദി പാർട്ടിയിലെയും കോൺഗ്രസിലെയും അംഗങ്ങളാണ് നടുത്തളത്തിലിറങ്ങിയത്. ചോദ്യോത്തര വേള തുടരാൻ അനുവദിക്കണമെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നും സ്പീക്കർ പറഞ്ഞെങ്കിലും ഇവർ ബഹളം തുടരുകയായിരുന്നു. തുടർന്ന് 12 മണി വരെ സഭ നിർത്തിവെക്കുന്നതായി സ്പീക്കർ അറിയിച്ചു.