മല ചവിട്ടി അയ്യനെ ദർശിക്കാനുള്ള യാത്രയ്‌ക്കിടെ കണ്ണഞ്ചിപ്പിക്കുന്ന ചുവർ ചിത്രങ്ങൾ കണ്ടവർ നിരവധിയാകും. സന്നിധാനത്തിന് ചുറ്റുമുള്ള ചുവരുകളിൽ അയ്യപ്പന്റെ കഥ വിവരിക്കുന്ന ചിത്രങ്ങൾ കാൻവാസിലാക്കുകയാണ് ദിവ്യാംഗനായ മനോജ് കുമാർ. ഇടതു കൈ കൊണ്ടാണ് മനോജ് കുമാർ വിസ്മയം തീർക്കുന്നത്.
കൊല്ലം പത്തനാപുരത്തിനടുത്തുള്ള ചേക്കാം സ്വദേശിയാണ് 40-കാരനായ മനോജ് കുമാർ. ജന്മനാ വലതു കൈപ്പത്തിയില്ലെങ്കിലും കുറവിനെ മികവുറ്റതാക്കുകയാണ് ഈ കലാകാരൻ. ഇടത് കൈ കൊണ്ട് കലാവൈഭവം സൃഷ്ടിക്കുകയാണ് മനോജ്. തീർത്ഥാടനകാലം ആരംഭിച്ചത് മുതൽ ഇതുവരെ നാല് ചുവർ ചിത്രങ്ങളാണ് മനോജ് കുമാർ പൂർത്തിയാക്കിയത്.
അന്നദാന മണ്ഡപം, ശബരി നന്ദനം, പന്തളം മാളിക എന്നിവയുടെ ചുവരുകളിലാണ് ചിത്രങ്ങൾ വരിച്ചിരിക്കുന്നത്. ഓയിൽ പെയിൻ്റ് ഉപയോഗിച്ചാണ് ചുവർ ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. അയ്യപ്പന്റെ അനുഗ്രഹം തനിക്കൊപ്പമുണ്ടെന്ന് അടിയുറച്ച് വിശ്വസിക്കുന്ന ഭക്തനാണ് മനോജ് കുമാർ. ഭഗവാന്റെ അനുഗ്രഹത്താൽ കുറവുകളൊന്നും അനുഭവപ്പെടാറില്ലെന്നും അദ്ദേഹം പറയുന്നു.
മാവേലിക്കര രാജ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ പഠനത്തിന് ശേഷമാണ് മനോജ് കുമാർ ചിത്രകലയിലേക്ക് തിരിഞ്ഞത്. ആദ്യകാലത്ത് ബാനറുകളും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചുവരെഴുത്തുകൾ, വാഹന നമ്പർ പ്ലേറ്റുകൾ എന്നിവയൊക്കെ എഴുതിയിരുന്നു. അവസരങ്ങൾ ലഭിക്കാത്തതും കുറഞ്ഞ വരുമാനവും മനോജ് കുമാറിനെ പലപ്പോഴും പിന്നിട് വലിച്ചിരുന്നു. ഇതിനിടയിൽ ഉപജീവനത്തിനായി റബർ ടാപ്പിംഗ് ജോലികൾക്കും മറ്റും പോയിരുന്നു.
കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് മനോജ് കുമാർ കൊല്ലത്തിന്റെ ചരിത്രം പറയുന്ന ചിത്രങ്ങൾ കാൻവാസിലാക്കിയിരുന്നു. ഇതാണ് ചിത്രകല രംഗത്ത് മനോജ് കുമാറിന് വഴിത്തിരിവായത്. ദശാവതാര പരമ്പരകൾ പോലെ പുത്തൻകാവ് മഹാവിഷ്ണു ക്ഷേത്രത്തിൽ വരച്ച വിവരണാത്മക ചുവർച്ചിത്രങ്ങളും ജനപ്രീതി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രങ്ങളിൽ ചിത്രങ്ങൾ വരയ്‌ക്കാൻ മനോജ്കുമാറിന് അവസരങ്ങൾ വന്നുചേരുന്നത്.
ഈ അതുല്യ കലാകാരന്റെ പ്രഗാത്ഭ്യം തിരിച്ചറിഞ്ഞ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് മനോജിനെ ശബരിമലയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഈ സീസണിൽ 25 ചുവർചിത്രങ്ങൾ പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറയുന്നു. പവിത്രമായ സന്നിധാനത്ത് തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് വലിയ നേട്ടമാണെന്നും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.















