കൊച്ചി: ശബരിമലയിൽ പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. മന:പൂർവ്വമായിരിക്കില്ലെങ്കിലും, പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഒരു വീഴ്ചയാണെന്നും അത് അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. സംഭവത്തിൽ ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് ഹൈക്കോടതിയിൽ നേരിട്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ഭക്തരുടെ സുരക്ഷിത തീർത്ഥാടനത്തിനാണ് പ്രാധാന്യം നൽകുന്നത്. സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. അഭിനന്ദനാർഹമായ പല കാര്യങ്ങളും പൊലീസ് ചെയ്യുന്നുണ്ട്. എന്നാൽ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്തത് പോലെയുള്ള നടപടികൾ അനുവദിക്കാനാകില്ല. മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ ഒരു ആചാരമല്ലെന്നും അത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇന്നലെ 74,463 പേർ ശബരിമലയിൽ ദർശനം നടത്തിയതായും ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. തിങ്കഴാഴ്ച ചുമതലയൊഴിഞ്ഞ ആദ്യ പൊലീസ് ബാച്ചിലെ മുപ്പതോളം ഉദ്യോഗസ്ഥരാണ് പതിനെട്ടാം പടിയിൽ നടയ്‌ക്ക് തിരിഞ്ഞ് നിന്ന് ഫോട്ടോ എടുത്തത്. ചിത്രം പുറത്ത് വന്നതോടെ വലിയ രീതിയിൽ വിമർശനം ഉയരുകയായിരുന്നു. പതിനെട്ടാം പടിയിലെ ഓരോ നടയിലായി വരിവരിയായി നിന്നാണ് പൊലീസുകാർ ഫോട്ടോ എടുത്തത്.
ഹിന്ദു ഐക്യവേദിയും, ക്ഷേത്ര സംരക്ഷണ സമിതിയും ഇതിനെതിരെ രംഗത്തെത്തിയതോടെ അച്ചടക്കലംഘനം നടത്തിയെന്ന് കാട്ടി 23 പൊലീസുകാരെ കണ്ണൂർ കെഎപി ക്യാമ്പിലേക്ക് നല്ല നടപ്പ് പരിശീലനത്തിനയയ്‌ക്കുകയും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ നടത്തിയത് ഗുരുതര വീഴ്ചയെന്നാണ് സന്നിധാനം സ്‌പെഷ്യൽ ഓഫീസർ റിപ്പോർട്ടും സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡിജിപി പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്.















