ശബരിമല തീർത്ഥാടകർക്ക് സഹായമേകാൻ സജ്ജമാക്കിയ എഐ ചാറ്റ്ബോട്ടിന് വൻ സ്വീകാര്യത. അവതരിപ്പിച്ച് പത്ത് ദിവസത്തിനകം 75,000-ത്തിലേറെ പേരിലേക്കാണ് സ്വാമി ചാറ്റ്ബോട്ട് എത്തിയത്. തീർത്ഥാടകർക്ക് ഏറെ സഹായകരമാണ് ചാറ്റ്ബോട്ടെന്ന് ഇതിലൂടെ വ്യക്തമാണ്.
പ്രതിദിനം 5,000 മുതൽ 10,000 വരെ അഭ്യർത്ഥനകളാണ് സ്വാമി ചാറ്റ്ബോട്ട് കൈകാര്യം ചെയ്യുന്നത്. തീർത്ഥാടകരുടെ ആവശ്യങ്ങൾ അറിഞ്ഞ് കൃത്യമായ വിവരങ്ങളാണ് ചാറ്റ്ബോട്ട് നൽകുന്നതെന്ന് ജില്ലാ ഭരണകൂടം പത്രക്കുറിപ്പിൽ അറിയിച്ചു. അടിയന്തിര ഘട്ടത്തിലും സ്വാമി ചാറ്റ്ബോട്ട് പ്രവർത്തനക്ഷമമാണ്. ഇതുവരെ 1,768 അത്യാഹിത കേസുകളാണ് ചാറ്റ്ബോട്ട് കൈകാര്യം ചെയ്തത്. കൂട്ടം തെറ്റി പോയവരെ കണ്ടെത്തുന്നതിലും മെഡിക്കൽ അത്യാഹിതങ്ങളിലും ചാറ്റ്ബോട്ട് നിർണായക പങ്ക് വഹിക്കുന്നു. തീർത്ഥാടകരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചാറ്റ്ബോട്ടിൽ ആവശ്യമായ അപ്‌ഡേഷനുകൾ വരുന്ന ആഴ്ചയിൽ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
വാട്‌സ്‌ആപ്പിലൂടെയാണ് സ്വാമി ചാറ്റ് ബോട്ടിന്റെ സേവനം ലഭ്യമാകുന്നത്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് സ്വാമി ചാറ്റ്ബോട്ട് പുറത്തിറക്കിയത്. 6238008000 എന്ന നമ്പരിൽ ഫോണിലെ വാട്‌സ്ആപ്പിലൂടെ സംവിധാനം ഉപയോഗിക്കാം. വാട്‌സ്‌ആപ്പിൽ ഈ നമ്പരിലേക്ക് ‘ഹായ്‘ അയച്ചാൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ആറ് ഭാഷകളിൽ വിവരങ്ങൾ അറിയാൻ സാധിക്കും. ക്ഷേത്രത്തിലെ പൂജാ സമയങ്ങളും മറ്റ് വിവരങ്ങളും അറിയാൻ സാധിക്കും.
കാലാവസ്ഥയെ കുറിച്ച് തത്സമയവിവരങ്ങൾ ഇതിലൂടെ ലഭ്യമാണ്. പൊലീസ്, ആരോഗ്യം, ഫയർഫോഴ്‌സ്, ഭക്ഷ്യ സുരക്ഷ, ഫോറസ്റ്റ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങളും എഐ ചാറ്റ്‌ബോട്ടിന്റെ സഹായത്തോടെ അറിയാനാകും. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ വിവരങ്ങളും ഇതിലൂടെ ലഭിക്കും. നവംബർ 15-നാണ് സ്വാമിചാറ്റ്ബോട്ടിന്റെ സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്.















