തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പഠന യാത്രകളിൽ ആർഭാടം വേണ്ടെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പണം ഇല്ലാത്ത കാരണത്താൽ ഒരു കുട്ടിയേയും മാറ്റി നിർത്താൻ പാടില്ല. പഠന യാത്രകൾ വിനോദ യാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് സംബന്ധിച്ച് നിരവധി രക്ഷിതാക്കളിൽ നിന്നും പരാതി ലഭിച്ചതായും മന്ത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
പഠനയാത്രകൾക്ക് വൻതുക നിശ്ചയിക്കുമ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇത് നൽകാൻ കഴിയാതെ വരുന്നു. ഇത് വിദ്യാർത്ഥികളിൽ മാനസിക പ്രയാസം ഉണ്ടാക്കും. അതിനാൽ പഠനയാത്രകൾ എല്ലാകുട്ടികൾക്കും പോകാൻ കഴിയുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. വൻ തുകയുടെ പേരിൽ വിദ്യാർത്ഥികളെ മാനസികമായി ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളുകളിലെ പഠനയാത്രയിൽ കുട്ടികൾക്കൊപ്പം പോകുന്ന അദ്ധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാ ചെലവ് ബന്ധപ്പെട്ട പിടിഎ കമ്മിറ്റികളോ സ്റ്റാഫ് മാനേജ്മെന്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണ്.സ്കൂളുകളിൽ പഠനയാത്രകൾ, സ്കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ മന്ത്രി പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.