ധാക്ക: ബംഗ്ലാദേശിൽ ഇസ്‌കോണിനെ നിരോധിക്കണമെന്ന ആവശ്യം തളളി ധാക്ക ഹൈക്കോടതി. ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടുളള വിശദമായ നിയമനടപടികൾ അധികൃതർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ഇപ്പോൾ നിരോധന ഉത്തരവ് നൽകാനാകില്ലെന്നും കോടതി പറഞ്ഞു.
മതമൗലികവാദ സംഘടനയെന്ന് ആരോപിച്ചാണ് ഇസ്‌കോണിനെ നിരോധിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടത്. ഇസ്‌കോൺ ദേശസുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും ഹർജിയിൽ വാദം ഉയർത്തിയിരുന്നു. എന്നാൽ കോടതി ആവശ്യം നിരസിച്ചത് സർക്കാർ ഒത്താശയോടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ഏകപക്ഷീയ നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടിയായി മാറി.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും അവരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിലും ക്രമസമാധാനം ഉറപ്പാക്കുന്നതിലും സർക്കാർ പുലർത്തേണ്ട ജാഗ്രത വാദത്തിലുടനീളം കോടതി ഊന്നിപ്പറഞ്ഞു. ഇസ്‌കോണുമായി ബന്ധപ്പെട്ട പരാതിയിൽ സ്വീകരിച്ച നടപടികൾ അഡീഷണൽ അറ്റോർണി ജനറൽ അനീക് ആർ ഹഖ്, ഡെപ്യൂട്ടി അറ്റോർണി ജനറൽ മൊഹമ്മദ് അസാദ് ഉദ്ദിൻ എന്നിവർ കോടതിയിൽ ബോധിപ്പിച്ചു.
അഭിഭാഷകനായ സെയ്ഫുൾ ഇസ്ലാം ആലിഫ് കൊല്ലപ്പെട്ടതുമായും ഇസ്‌കോണിന്റെ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായി ഇവർ പറഞ്ഞു. 33 ഓളം ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. ഇസ്‌കോൺ രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും മതമൗലിക സംഘടനയാണെന്നും സമൂഹത്തിൽ മതസ്പർദ്ധ വളർത്തുകയാണെന്നും ഉൾപ്പെടെയുളള ആരോപണങ്ങളുമായി ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇസ്‌കോണിനെ ബംഗ്ലാദേശിൽ നിരോധിക്കാൻ ഗൂഢനീക്കം നടത്തിയത്.
രാജ്യദ്രോഹക്കുറ്റത്തിന് ബംഗ്ലാദേശ് സുരക്ഷാസേന പിടികൂടിയ ഇസ്‌കോൺ പുരോഹിതൻ ചിൻമയ് കൃഷ്ണദാസിനെ വിട്ടയയ്‌ക്കണമെന്ന മുറവിളി ഉയരുന്നതിനിടെയാണ് ഇസ്‌കോണിനെ നിരോധിക്കണമെന്ന ആവശ്യം കോടതിയിലെത്തിയത്.















