മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ ഹൊറർ ചിത്രമാണ് ആകാശഗംഗ. ദിവ്യ ഉണ്ണി പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് അന്നും ഇന്നും ആസ്വാദകർ ഏറെയാണ്. മലയാളത്തിലെ ഹൊറർ സിനിമകളിൽ ആകാശഗംഗ ഇന്നും മുൻനിരയിലാണുള്ളത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന ദിവ്യ ഉണ്ണി വർഷങ്ങൾക്കിപ്പുറം ആകാശഗംഗയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് താരം സംസാരിക്കുന്നത്.
‘ആകാശഗംഗ ചെയ്യുമ്പോൾ ഉണ്ടായ അനുഭവങ്ങളെ കുറിച്ച് ഇപ്പോഴും പലരും ചോദിക്കാറുണ്ട്. സിനിമയ്‌ക്ക് ശേഷം അന്ന് മുതൽ ഇന്ന് വരെ എന്നെ കാണുമ്പോൾ ആദ്യം ആളുകൾ അതാണ് ചോദിക്കുന്നത്. ഏതെങ്കിലും പരിപാടികളിൽ പോകുമ്പോൾ ആകാശഗംഗയിലെ ആ കുട്ടിയല്ലേ എന്നാണ് ആളുകൾ പറയുന്നത്.
ആകാശഗംഗ ഷൂട്ട് ചെയ്ത മനയ്‌ക്കകത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നു. ഭഗവതി കയറി, വാതിൽ അടച്ചതാണ് ആ ക്ഷേത്രമെന്നാണ് പറയപ്പെടുന്നത്. ആ വാതിൽ ഒരിക്കലും തുറന്നിട്ടില്ല. പക്ഷേ, അത് അറിയാതെ ഒരു ഷോട്ടിന് വേണ്ടി ലൈറ്റ് വയ്‌ക്കാനോ മറ്റോ ആരോ ആ മുറിയിലേക്ക് കയറി. പിന്നീട് ആ ലൈറ്റ് തറയിൽ വീണ് പൊട്ടിയിരുന്നു.
എല്ലാ ദിവസവും രാത്രികാലങ്ങളിലാണ് ഷൂട്ട് നടക്കുന്നത്. അപ്പോൾ അപകടകരമായ എന്തൊക്കെയോ ഒച്ചകളും മറ്റും ഉണ്ടാകാറുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ ഇതുവരെ ഒന്നും കണ്ടിട്ടില്ല. പക്ഷേ, ഇങ്ങനെയുള്ള ചില കാര്യങ്ങൾ അവിടെ നടന്നതായി സെറ്റിൽ പറയുന്നത് കേട്ടിട്ടുണ്ടെന്നും ദിവ്യ ഉണ്ണി പറഞ്ഞു.