നടൻ പ്രഭാസിനെ അടുത്ത ജന്മത്തിൽ മകനായി ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് മുതിർന്ന നടി സെറീന വഹാബ്. ലെഹ്റൻ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടി പ്രഭാസിനെക്കുറിച്ച് വാചാലയായത്. പ്രഭാസിനൊപ്പം ദി രാജ സാബ് എന്ന ചിത്രത്തിൽ നടി ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതിലെ അനുഭവങ്ങൾ പങ്കുവയ്‌ക്കുമ്പോഴാണ് അവർ ആഗ്രഹം വ്യക്തമാക്കിയത്.
ഞാൻ പ്രഭാസിനൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിങ്ങളത് തീർച്ചയായും കാണണം. അഭിഷേക് കിഷോർ ചിത്രം ഏപ്രിലിലാകും റിലീസ് ചെയ്യുക. പ്രഭാസിനെപ്പോലെ ഒരാളെ കുറിച്ച് ഞാൻ നിങ്ങളോട് ഒരു കാര്യം പറയട്ടെ… അവനെപ്പോലെ മറ്റാരുമില്ല. അവൻ അത്ര നല്ല വ്യക്തിയാണ്. അടുത്ത ജന്മത്തിൽ എനിക്ക് രണ്ട് ആൺമക്കളെ വേണമെന്നാണ് ആഗ്രഹം. ഒരാൾ പ്രഭാസിനെപ്പോലെയും മറ്റൊരാൾ സൂരജിനെ(മകൻ) പോലെയും അത്ര നല്ല മനുഷ്യൻ. മനോഹരമായ വ്യക്തിയാണ് പ്രഭാസ്.
അവന് ഈഗോയെന്ന കാര്യമില്ല.സെറ്റിൽ മൂന്ന് നായികമാരും നിരവധി കാരക്ടർ ആർട്ടിസ്റ്റുകളുമുണ്ട്. പാക്കപ്പ് ആകുമ്പോൾ എല്ലാവരോടും ബൈ പറഞ്ഞാണ് പ്രഭാസ് പോകുന്നത്. എന്തിനാണ് അവന് അതിന്റെ ആവശ്യം. അവന്റെ സീന് കഴിഞ്ഞാലും അവൻ വാനിലേക്ക് പോകില്ല, ഏതെങ്കിലും ഒരു മൂലയിൽ പോയിരിക്കും. ആരെങ്കിലും വിശക്കുന്നു എന്ന് പറഞ്ഞാൽ വീട്ടിൽ നിന്ന് ഭക്ഷണം വരുത്തും, അതിനി 40-50 പേരായാലും. നിങ്ങളെ മാത്രമല്ല അവൻ എല്ലാവരെയും ഊട്ടും.ആരോടും മോശമായി സംസാരിക്കില്ല, എല്ലാവരോടും ചിരിച്ച മുഖവുമായി സംസാരിക്കും. സെറ്റിൽ ശബ്ദം ഉയർത്തി സംസാരിക്കുന്ന പ്രഭാസിനെ കാണാനാകില്ല അവൻ എത്രമാത്രം നല്ല വ്യക്തിയാണെന്ന് പറയാൻ വാക്കുകളില്ല. ദൈവം അദ്ദേഹത്തിന് നല്ല ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ. — സെറീന പറഞ്ഞു.