മലയാളി ആരാധകർക്ക് വേണ്ടി പുഷ്പയിലെ ‘സാമി സാമി’ ഗാനത്തിന് ചുവടുവച്ച് രശ്മിക മന്ദാന. പുഷ്പ 2 -ന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് പുഷ്പ ടീം കൊച്ചിയിലെത്തിയത്. പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനായി അല്ലു അർജുൻ, പുഷ്പ-2 ന്റെ അണിയറ പ്രവർത്തകർ എന്നിവരോടൊപ്പമാണ് രശ്മിക എത്തിയത്. ചിത്രത്തിലെ ‘സാമി സാമി’ ഗാനത്തിന് ചുവടുവയ്‌ക്കുന്ന താരത്തിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുന്നത്.
സദസിലിരിക്കുന്ന പുഷ്പരാജിനും തന്റെ എല്ലാ മലയാളി ആരാധകർക്കും വേണ്ടി ഡാൻസ് സമർപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു രശ്മിക ചുവടുവച്ചത്. താരത്തിന്റെ ഡാൻസിന് വലിയ കയ്യടിയാണ് ആരാധകർ നൽകിയത്.
തനിക്ക് മലയാളികളുമായി ഒരുപാട് ബന്ധമുണ്ടെന്നും മലയാളികൾ എപ്പോഴും പ്രിയപ്പെട്ടവരാണെന്നും രശ്മിക മന്ദാന പറഞ്ഞു. ഞാൻ കൂർഗിലാണ് താമസിക്കുന്നത്. അവിടെ കേരളത്തിലുള്ള ഒരുപാട് ആളുകൾ എനിക്ക് അയൽക്കാരായുണ്ട്. ഞങ്ങൾ ഒരുമിച്ച് ആഹാരം കഴിക്കുകയും ആഹാരം പാചകം ചെയ്ത് പരസ്പരം നൽകുകയുമൊക്കെ ചെയ്യും. അവരുടെ വീടുകളിലും ഞാൻ പോകാറുണ്ട്.
കേരളത്തിലെ ഭക്ഷണങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതിൽ ഏറ്റവും കൂടുതൽ ഇഷ്ടം പായസമാണ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞാൻ കേരളത്തിലേക്ക് വന്നത്. പക്ഷേ, എന്നും എനിക്ക് ഭയങ്കര സ്പെഷ്യലാണ് കേരളമെന്നും രശ്മിക മന്ദാന പറഞ്ഞു. എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് രശ്മിക വാക്കുകൾ അവസാനിപ്പിച്ചത്.