കൊല്ലം: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 33 വർഷം കഠിനതടവ്. മലപ്പുറം വെള്ളയൂർ സ്വദേശി മുഹമ്മദ് റംഷാദിനെയാണ് കോടതി കഠിനതടവിന് ശിക്ഷിച്ചത്. തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു. പുനലൂർ അതിവേഗ കോടതിയുടേതാണ് നടപടി.
പുനലൂർ വെഞ്ചേമ്പ് മദ്രസയിലെ അദ്ധ്യാപകനായിരുന്നു റംഷാദ്. 2022 മുതൽ 2023 വരെ പല സന്ദർഭങ്ങളിലായി പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തത്.
അന്വേഷണത്തിനിടെ ഇയാൾ ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലപ്പുറത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.















