കോതമംഗലം: പശുക്കളെ തിരയാൻ പോയ മൂന്ന് സ്ത്രീകൾ വനത്തിൽ കുടുങ്ങി. എറണാകുളം ജില്ലയിലെ കോതമംഗലം കുട്ടമ്പഴയിൽ അട്ടിക്കളത്തെ വനത്തിലാണ് സ്ത്രീകൾ കുടുങ്ങിയത്. പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്.
മൂവർക്കുമായുള്ള തെരച്ചിൽ രാത്രി വൈകിയും തുടർന്നിരുന്നു. തെർമൽ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണെന്ന് മലയാറ്റൂർ ഡിഎഫ്ഒ ശ്രീനിവാസ് അറിയിച്ചു. പൊലീസും അഗ്നിരക്ഷാ സേനയും വനം വകുപ്പും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. തെരച്ചിലിനിറങ്ങിയ നാല് സംഘങ്ങളിൽ രണ്ട് സംഘം മടങ്ങിയെത്തി. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും തെരച്ചിലിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
വ്യാഴാഴ്ച ഉച്ചയ്‌ക്കാണ് മേയാൻ വിട്ട പശുക്കളെ തിരഞ്ഞ് മൂന്ന് പേരും വനത്തിലേക്ക് പോയത്. വഴി തെറ്റി കാട്ടിൽ കുടുങ്ങുകയായിരുന്നു. കാണാതായ മായയുമായി നാല് മണിയോടെ ഭർത്താവ് ഫോണിൽ സംസാരിച്ചിരുന്നു. ബാറ്ററി തീരുമെന്നും മൊബൈൽ ഫോൺ ഉടൻ ഓഫ് ആകുമെന്നും മായ അറിയിച്ചതായി ഭർത്താവ് പറഞ്ഞു. കൂട്ടത്തിലുള്ള പാറുകുട്ടിക്ക് വനമേഖലയെ കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാൽ സ്ഥലം മാറിപ്പോകാൻ സാധ്യതയുണ്ടെന്ന് പഞ്ചായത്തംഗ് പറഞ്ഞു. ഒരു പാറയും ചെക്ക് ഡാമും കണ്ടെന്ന് മാത്രമാണ് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. നിലവിൽ ഇവരുടെ ഫോൺ സ്വിച്ച് ഓഫാണ്.