രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ട്രെയിൻ സർവീസ് ആരംഭിച്ച് ചരിത്രം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ റെയിൽവേ. ഹരിയാനയിലെ ജിന്ദ്, സോനിപത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാകും ഹൈഡ്രജൻ ട്രെയിൻ പരീക്ഷണയോട്ടം നടത്തുകയെന്നാണ് വിവരം.
എട്ട് കോച്ചുകളാണ് ട്രെയിൻ ഉണ്ടാവുക. 2,638 പേരെ വഹിക്കാനുള്ള ശേഷി ട്രെയിൻ ഉണ്ടാകും. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാകും ഹൈഡ്രജൻ ട്രെയിൻ സഞ്ചരിക്കുക. ഹ്രസ്വദൂര യാത്രകൾ ലക്ഷ്യമിട്ടാകും ട്രെയിൻ സർവീസ് നടത്തുക. റിസർച്ച്, ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (RDSO) ആണ് ട്രെയിനിന്റെ രൂപരേഖ വികസിപ്പിച്ചിരിക്കുന്നത്. വരും വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ അവസാന ഘട്ട ട്രയൽ റൺ നടത്തുമെന്നും വൈകാതെ തന്നെ സർവീസ് ആരംഭിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലിറങ്ങുന്നതോടെ ഹൈഡ്രജൻ ഇന്ധനമാക്കി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ പേരും എഴുതി ചേർക്കപ്പെടും.
ട്രെയിനിന്റെ രൂപരേഖ അടുത്തിടെ ലക്നൗവിൽ നടന്ന നടന്ന ഇൻ്റർനാഷണൽ ഇന്നൊവേറ്റീവ് റെയിൽ എക്‌സ്‌പോയിൽ അവതരിപ്പിച്ചിരുന്നു. മോഡലിൽ ‘നമോ ഗ്രീൻ റെയിൽ’ എന്ന് എഴുതിയിരുന്നുവെങ്കിലും ലോഞ്ച് ചെയ്യുന്ന സമയത്ത് ഔദ്യോഗിക പേര് തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഡീസലും വേണ്ട വൈദ്യുതിയും വേണ്ട, ‘വെള്ളം ഇന്ധനമാക്കിയോടുന്ന’ ട്രെയിൻ
ഹൈഡ്രജൻ, ഓക്‌സിജൻ ഇന്ധന സെല്ലുകളിലൂടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയാണ് മോട്ടോർ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്നത്. നീരാവിയും വെള്ളവും മാത്രമാകും ട്രെയിൻ പുറത്തുവിടുക. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് 60 ശതമാനം കുറവ് ശബ്ദം മാത്രമാകും ട്രെയിൻ പുറത്തുവിടുക. പരിസ്ഥിതി സൗഹൃദമായ ട്രെയിനാകും ഇതെന്ന് സാരം.
ജർമ്മനിയും ചൈനയും പോലുള്ള രാജ്യങ്ങളിൽ ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തിയെങ്കിലും വിജയകരമായിരുന്നില്ല. നിലവിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്ന ഏക രാജ്യം ജർമ്മനിയാണ്. രണ്ട് കോച്ചുകളുള്ള ട്രെയിനാണ് ഇവിടെ സർവീസ് നടത്തുന്നത്.















