ന്യൂഡൽഹി: കേന്ദ്രമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച പോസിറ്റീവ് ആയിരുന്നുവെന്നും, മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രി ആരെന്ന് മഹായുതിയിലെ നേതാക്കൾ യോഗം ചേരുമെന്നും ശിവസേന നേതാവും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” അമിത് ഷായുമായും ജെ പി നദ്ദയുമായും ചർച്ചകൾ നടത്തി. ഇനി മഹായുതിയുടെ യോഗം മുംബൈയിൽ വച്ച് ഉണ്ടാകും. ഈ യോഗത്തിൽ മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം ഉണ്ടാകും” ഷിൻഡെ പറഞ്ഞു. ഷിൻഡെയ്‌ക്കൊപ്പം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്, എൻസിപി അദ്ധ്യക്ഷൻ അജിത് പവാർ, മഹായുതിയിലെ മറ്റ് നേതാക്കൾ എന്നിവരും ബിജെപി ഉന്നത നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്‌ക്കായി എത്തിയിരുന്നു.
യോഗത്തിന് ശേഷം ഇന്നലെ രാത്രി തന്നെ ഷിൻഡെയും ഫഡ്നാവിസും അജിത് പവാറും മുംബൈയിലേക്ക് തിരിച്ചു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് സഖ്യത്തിനുള്ളിൽ യാതൊരു വിധത്തിലുള്ള തർക്കങ്ങളില്ലെന്നും ഷിൻഡെ കൂട്ടിച്ചേർത്തു. മഹായുതിയിൽ ഒരിക്കലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കി.
” മഹായുതിയിൽ ഒരുഘട്ടത്തിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടില്ല. കൂട്ടായ തീരുമാനങ്ങളാണ് ഞങ്ങൾ എപ്പോഴും എടുത്തിട്ടുള്ളത്. മുഖ്യമന്ത്രി ആരാകണമെന്ന് ചർച്ചകളിലൂടെ തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സഖ്യത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് പ്രചരിപ്പിക്കാൻ പുറത്ത് നിന്ന് ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ എല്ലാ തീരുമാനവും കൂട്ടായും യോജിച്ചുമാണ് തീരുമാനിക്കുന്നതെന്നും, ഭാവിയിലും അങ്ങനെ തന്നെ ആയിരിക്കുമെന്നും” അദ്ദേഹം പറയുന്നു.