കൊച്ചി: സൗബിൻ ഷാഹിറിന്റെ നിർമ്മാണ കമ്പനി പറവ ഫിലിംസ് 60 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. സംഭവത്തിൽ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് നൽകുന്ന വിശദീകരണം.
മഞ്ഞുമ്മൽ ബോയ്സ് സിനിമയിലൂടെ ഇവർക്ക് ലഭിച്ച വരുമാനത്തിന് അനുസരിച്ച് നികുതി അടച്ചിട്ടില്ലെന്നതാണ് പ്രധാനമായുള്ള കണ്ടെത്തൽ. ഈ അന്വേഷണം കള്ളപ്പണ ഇടപാടിലേക്കും നയിച്ചുവെന്നാണ് ആദായ നികുതി വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം. കേരളത്തിൽ മികച്ച കളക്ഷൻ നേടിയ ചിത്രം തമിഴ്നാട്ടിലും നിറഞ്ഞ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുവെന്നും കോടികളുടെ വരുമാനം നേടുന്നുവെന്നുമായിരുന്നു പ്രചാരണം. എന്നാൽ തമിഴ്‌നാട്ടിൽ പലയിടത്തും ഒഴിഞ്ഞ തിയേറ്ററുകളിലാണ് കുറേക്കാലം ചിത്രം പ്രദർശിപ്പിച്ചതെന്നും ഇത് കള്ളപ്പണം വെളുപ്പിക്കാനായിരുന്നുവെന്നും ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
ചലച്ചിത്ര നിർമാണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണമാണ് നടൻ സൗബിൻ ഷാഹിർ നേരിടുന്നത്. സൗബിന്റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിർമാണ കമ്പനിയിലും ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിൽ ഇന്നലെ തുടങ്ങിയ റെയ്ഡ് ഇന്നും തുടരുകയാണ്. മഞ്ഞുമൽ ബോയ്സിന്റെ നിർമാണവും കളക്ഷനുമായി ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്. ഇഡിയും കള്ളപ്പണ ഇടപാടിൽ അന്വേഷണം നടത്തുന്നുണ്ട്. നേരത്തെ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, നിർമാതാവ് ഷോൺ ആന്റണി എന്നിവരെ ചോദ്യം ചെയ്തിരുന്നു.















