ന്യൂഡൽഹി: കേരളത്തിൽ റയിൽവേ വികസന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് കത്ത് എഴുതി. ആവശ്യമായ ഭൂമിക്ക് 2100 കോടി രൂപ കേന്ദ്രം കേരളത്തിന് കൈമാറിയിട്ടും നടപടികൾ വൈകുന്ന സാഹചര്യത്തിലാണ് കേന്ദ്ര റയിൽവേ മന്ത്രിയുടെ ഇടപെടൽ.
റെയിൽവേയുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് 12,350 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിൽ പുരോഗമിക്കുന്നതെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. 2024-25ൽ എക്കാലത്തെയും ഉയർന്ന ബജറ്റ് വിഹിതമായ 3,011 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ ആവശ്യമായ ഭൂമി ലഭിക്കാത്തതിനാൽ കേരളത്തിലെ ഭൂരിഭാഗം പദ്ധതികളും നിശ്ചലാവസ്ഥയിലാണെന്ന് മന്ത്രി പറഞ്ഞു
കേരളത്തിലെ റെയിൽവേ വികസനത്തിന് 470 ഹെക്ടർ ഭൂമിയാണ് ആവശ്യം. ഇതിന് മുൻകൂറായി 2,100 കോടിയിലധികം രൂപ നൽകിയിട്ടും 64 ഹെക്ടർ ഭൂമി മാത്രമാണ് ഏറ്റെടുത്തത്. ഭൂരിഭാഗം പദ്ധതികൾക്കും ഭൂമി ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി ലഭിക്കാത്തത് മൂലം വൈകുന്ന നാല് പ്രധാന പദ്ധതികളെ കുറിച്ചും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
- തിരുവനന്തപുരം – കന്യാകുമാരി ഇരട്ടിപ്പിക്കൽ
- എറണാകുളം – കുമ്പളം ഇരട്ടിപ്പിക്കൽ
- കുമ്പളം – തുറവൂർ
- അങ്കമാലി – ശബരിമല പുതിയ പാത.
അങ്കമാലി – ശബരിമല പുതിയ പാതയ്‌ക്കായി ഏറ്റെടുക്കേണ്ട 416 ഹെക്ടറിൽ 24 ഹെക്ടർ ഭൂമി മാത്രമാണ് ഏറ്റെടുത്തത്. പദ്ധതിക്കായി 282 കോടി രൂപയാണ് കേന്ദ്രം നീക്കിവച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.















