ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്ന തീർത്ഥാടകർക്ക് പരാതിയുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ നേരിട്ട് വിളിക്കാം. പമ്പ, സന്നിധാനം, നിലയ്‌ക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിവിധ സ്ക്വാഡുകളാണ് വ്യാപകമായി പരിശോധന നടത്തുന്നത്. മൂന്ന് പേരടങ്ങുന്ന നാല് ടീമുകളാണ് ഓരോ മേഖലയിലുമുള്ളത്.
സന്നിധാനം, പമ്പ, ഔട്ടർ പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിലായി നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ 53 സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് പിഴ ഈടാക്കി. പിഴ ഇനത്തിൽ 3,07,000 രൂപയാണ് ചുമത്തിയത്. ഇവിടങ്ങളിൽ 820 പരിശോധനകളാണ് ഇതുവരെ നടത്തിയത്. മണ്ഡലകാലം അവസാനിക്കുന്നത് വരെ കർശനമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഭക്തരിൽ നിന്നും അനധികൃതമായി വില ഈടാക്കുന്ന കടകൾക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. നിലയ്‌ക്കൽ, പമ്പ, സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റുകൾക്കാണ് കോടതി നിർദേശം നൽകിയത്.
നിശ്ചിത ഇടവേളകളിൽ കടകളിലും ഹോട്ടലുകളിലും പരിശോധന നടത്തണമെന്നും നിർദേശമുണ്ടായിരുന്നു.
പരാതിയുള്ളവർക്ക് സന്നിധാനം 7593861767, പമ്പ 8592999666, നിലയ്‌ക്കൽ 7593861768 എന്നിവയ്‌ക്ക് പുറമെ ടോൾ ഫ്രീ 18004251125 നമ്പരും സജ്ജീകരിച്ചിട്ടുണ്ട്. ഈ നമ്പറുകളിൽ വിളിച്ച് വിവരമറിയിക്കാം.