ഹൈദരാബാദ്: വിവാഹ വാർത്ത സ്ഥിരീകരിച്ചതിനുപിന്നാലെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി കീർത്തി സുരേഷ്. ഇന്ന് രാവിലെയാണ് നടി ക്ഷേത്രത്തിലെത്തിയത്. സഹോദരി രേവതി സുരേഷ്, അച്ഛൻ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ് എന്നിവർക്കൊപ്പമാണ് ദർശനത്തിനെത്തിയത്.
കഴിഞ്ഞ വർഷവും താരം തിരുപ്പതിയിലെത്തിയിരുന്നു. അന്നും കുടുംബത്തോടൊപ്പമാണ് തിരുപ്പതി ഭഗവാന്റെ ദർശനം തേടിയെത്തിയത്. താൻ വളരെക്കാലമായി തിരുപ്പതി ഭഗവാന്റെ ഭക്തയാണെന്നും അന്ന് കീർത്തി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
ബാല്യകാല സുഹൃത്ത് ആന്റണി തട്ടിലുമായി 15 വർഷമായി പ്രണയത്തിലായിരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് കീർത്തി വെളിപ്പെടുത്തിയത്. ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു സമൂഹ മാദ്ധ്യമ പോസ്റ്റ്. ഇരുവരും തമ്മിലുള്ള വിവാഹം ഡിസംബറിലുണ്ടാകുമെന്നാണ് സൂചന
2002ൽ പുറത്തിറങ്ങിയ ‘കുബേരൻ’ എന്ന സിനിമയിൽ ബാലതാരമായി തുടക്കം കുറിച്ചയാളാണ് കീർത്തി സുരേഷ്. പ്രിയദർശൻ ചിത്രമായ ’ഗീതാഞ്ജലി’യിലൂടെ ആയിരുന്നു നായികയായി എത്തിയത്. പിന്നീട് നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘മഹാനടി’യിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം കീർത്തി സുരേഷ് സ്വന്തമാക്കി. ഏറ്റവുമൊടുവിൽ ‘കൽക്കി’ എന്ന പാൻ-ഇന്ത്യൻ ചിത്രത്തിൽ ‘ബുജി’യുടെ ശബ്ദമായും കീർത്തി അവിസ്മരണീയ പ്രകടനം കാഴ്ചവച്ചു. ടൊവിനോ നായകനായെത്തിയ വാശിയാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ.