ലണ്ടൻ: ബംഗ്ലാദേശിലെ ഹിന്ദുമത നേതാവും ഇസ്‌കോൺ സന്യാസിയുമായ ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനേയും, രാജ്യത്ത് ഹിന്ദുക്കൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളേയും ശക്തമായി അപലപിച്ച് ബ്രിട്ടീഷ് കൺസർവേറ്റീവ് എംപി ബോബ് ബ്ലാക്ക്മാൻ. മതന്യൂനപക്ഷങ്ങൾക്കെതിരായി നടക്കുന്ന ഇത്തരം പീഡനങ്ങൾ ഒരു രീതിയിലും അംഗീകരിക്കാനാകുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. യുകെ പാർലമെന്റിലാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
രാജ്യത്ത് ഹിന്ദുവിഭാഗത്തിൽ പെട്ടവരുടെ വീടുകൾക്കും ക്ഷേത്രങ്ങൾക്കും നേരെ തീയിടുന്നത് ഉൾപ്പെടെ വലിയ രീതിയിൽ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ” മതന്യൂനപക്ഷങ്ങളുടെ ജീവന് പോലും ഭീഷണിയാകുന്ന തരത്തിലാണ് ബംഗ്ലാദേശിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇസ്‌കോണിന്റെ സന്യാസിമാരിലൊരാളെ അവർ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബംഗ്ലാദേശിൽ ഭരണം മാറിയെന്ന് പറഞ്ഞാലും മതന്യൂനപക്ഷങ്ങൾ ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്നത്. അംഗീകരിക്കാനാകില്ല. മതസ്വാതന്ത്ര്യം ആഗോളതലത്തിൽ തന്നെ സംരക്ഷിക്കപ്പെടണം.
ഇസ്‌കോണിനെ നിരോധിക്കാനുള്ള ശ്രമങ്ങൾ ഹിന്ദുക്കൾക്കെതിരെ നേരിട്ടുള്ള ആക്രമണമാണെന്നും” ബ്ലാക്ക്മാൻ പറയുന്നു. ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ഇന്ത്യയും ആശങ്ക അറിയിച്ചിട്ടുണ്ട്. ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതും, ജാമ്യം നിഷേധിച്ചതും അതീവ ഉത്കണ്ഠ ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു. മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശ് സർക്കാർ ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റ് അപലപനീയമാണെന്നും, അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ആവശ്യപ്പെട്ടിട്ടുണ്ട്.















