ഹൈദരാബാദ്: നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും ഹൽദി ചടങ്ങുകൾ ഹൈദരാബാദിൽ നടന്നു. വിവാഹത്തിനുമുൻപുള്ള ആഘോഷങ്ങൾക്കാണ് ഹൽദിയോടെ തുടക്കം കുറിച്ചത്. ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഡിസംബർ 4 ന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാണ് നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹം.
ഹൽദി ചടങ്ങുകളിൽ രണ്ട് വ്യത്യസ്ത കോസ്റ്റ്യൂമുകളിലാണ് ശോഭിത പ്രത്യക്ഷപ്പെട്ടത്. പതിവിൽ നിന്ന് വിപരീതമായി മഞ്ഞ വസ്ത്രങ്ങൾക്ക് പകരം ഫുൾ ഹാൻഡ് ബ്ലൗസോടുകൂടിയ തിളക്കമാർന്ന ചുവന്ന സാരിയായിരുന്നു താരം ഫസ്റ്റ് ലുക്കിനായി തെരഞ്ഞെടുത്തത്. ഒരു ചങ്കി ചോക്കറും നെറ്റിചുട്ടിയും അവർ ഇതിനൊപ്പം പെയർ ചെയ്തു. പൊന്നിയൻ സെൽവനിലെ വേഷത്തിനോട് സാദൃശ്യം തോന്നിക്കുന്നതായിരുന്നു ശോഭിതയുടെ സെക്കൻഡ് ലുക്ക്. കുർത്തയും പൈജാമയുമായിരുന്നു നാഗചൈതന്യയുടെ വേഷം.
ഇതിനോടകം തന്നെ ഹൽദി ചടങ്ങുകളുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു. ദിവസങ്ങൾക്ക് മുൻപ് ഇരുവരും തങ്ങളുടെ കല്യാണ വീഡിയോയുടെ ചിത്രീകരണാവകാശം 50 കോടിക്ക് നെറ്റ്ഫ്ലിക്സിന് നൽകിയതായുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സൂമിന് നൽകിയ അഭിമുഖത്തിൽ നാഗചൈതന്യ ഈ വാർത്ത നിഷേധിച്ചു. 2024 ഓഗസ്റ്റ് 8 ന് ഹൈദരാബാദിൽ വച്ചായിരുന്നു നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹ നിശ്ചയം. 2022 മുതൽ ഇരുവരും ഡേറ്റിംഗിലായിരുന്നു.