തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിൽ നടത്തിയിരുന്ന ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വത്തിന് അവകാശമില്ലെന്ന് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്. ദേവപ്രശ്നം വെച്ച് മാറ്റേണ്ടതല്ല ഉദയാസ്തമന പൂജ. ക്ഷേത്രത്തിന്റെ അധികാരം തന്ത്രിക്ക് മാത്രമല്ല, തന്ത്രി കുടുംബത്തിനും ഉണ്ടെന്നും കൃഷ്ണൻ നമ്പൂതിരിപ്പാട് ജനം ടിവിയോട് പറഞ്ഞു. ഏകാദശി ദിനത്തിൽ നടത്തിയിരുന്ന പൂജ അന്ന് നടത്തണമെന്നും കൃഷ്ണൻ നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു.
ക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞ് നട അടയ്‌ക്കുന്നതിന് മുമ്പ് തന്ത്രി, ഊരാളൻ, ജനപഥത്തിലുളള ഭക്തർ എന്നിവർ കൂടി പ്രതിജ്ഞയെടുക്കും. നിയമേനജ എന്നാണ് അതിന് പറയുന്നത്. ക്ഷേത്രം തന്ത്രിയാണ് പ്രതിജ്ഞയെടുക്കുക. ക്ഷേത്രത്തിൽ നിത്യനിദാനവും വാർഷിക നിദാനവും തിരുമാനിക്കും. ക്ഷേത്രത്തിൽ നിത്യവും ചെയ്യുന്ന പൂജകളുടെ ക്രമവും നിവേദ്യങ്ങളുമാണ് നിത്യനിദാനത്തിൽ പെടുന്നത്. പൂജകളിൽ ഉപയോഗിക്കാവുന്ന പുഷ്പങ്ങൾ അടക്കം നിത്യനിദാനത്തിൽ ഉൾപ്പെടും.
കൊല്ലത്തിൽ പ്രത്യേക ദിവസത്തിൽ ചെയ്യേണ്ട പൂജാദികർമ്മങ്ങളാണ് വാർഷിക നിദാനം.പ്രതിഷ്ഠാ ദിനത്തിലും ഉത്സവത്തിലും ചെയ്യേണ്ട മുഴുവൻ കാര്യങ്ങളടക്കം അന്ന് വ്യക്തത വരുത്തും. ഓരോ ക്ഷേത്രത്തിനും ചില പ്രത്യേക ദിവസങ്ങൾ കാണും. ഗുരുവായൂരിൽ അത് വൃശ്ചിക മാസത്തിലെ ഏകാദശിയാണ്. ഏകാദശിക്ക് എന്തെല്ലാം പൂജകൾ വേണമെന്ന് അന്നത്തെ കാലത്ത് തന്നെ നിശ്ചയിച്ചതാണ്. ശങ്കരാചാര്യർ നിശ്ചയിച്ചു എന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. അതിന്റെ ഭാഗമാണ് ഉദയാസ്തമന പൂജ. ആ പൂജ മുടങ്ങാതിരിക്കാൻ ചെർളയം രാജാവിനെ ചുമതല ഏൽപ്പിച്ചു. 1971 വരെ അദ്ദേഹമാണ് ഇത് നടത്തിയത്. പിന്നീട് അവർക്ക് സാധിക്കാതായതോടെ ദേവസ്വത്തെ ഏൽപ്പിച്ചു. ഏകാദശി ദിവസം ഉദയാസ്തമന പൂജ നടത്താമെന്ന് ദേവസ്വം സമ്മതിച്ചതാണ്. അതിനാൽ തന്നെ പൂജ മാറ്റാൻ ദേവസ്വത്തിന് അധികാരമില്ല. ഉദയാസ്തമയ പൂജ മാറ്റുന്നത് പ്രതിജ്ഞ പ്രകാരം തെറ്റാണ്. അത് ദേവഹിതത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.