കോഴിക്കോട്: കഴിഞ്ഞ ദിവസം കൊയിലാണ്ടി ചങ്ങരംവള്ളിയിൽനിന്ന് കാണാതായ യുവതിയുടെ മൃതദേഹം മുത്താമ്പി പുഴയിൽ കണ്ടെത്തി. കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്നേഹാഞ്ജലിയുടെ (24) മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെയാണ് ചങ്ങരംവള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് യുവതിയെ കാണാതായത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. രണ്ട് മാസം മുമ്പ് ഗൾഫിൽ ജോലി ചെയ്യുന്ന യുവാവുമായി സ്‌നേഹയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. കുറച്ചു ദിവസങ്ങളായി യുവതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും വിവരമുണ്ട്.
ഇന്നലെ വൈകുന്നേരം ഒരാൾ പുഴയിൽ ചാടിയതായി സംശയമുണ്ടെന്ന് കടത്തുകാർ പൊലീസിനെ അറിയിച്ചിരുന്നു. കൊയിലാണ്ടി പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തെരച്ചലിൽ നടത്തിയത്. തുടർ നടപടികൾക്കായി മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്















