ന്യൂഡൽഹി: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ മാദ്ധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുന്നതാണെന്ന വാദം ശരിയല്ലെന്ന് വ്യക്തമാക്കി ഇന്ത്യ. എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കേണ്ട ചുമതല മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാരിനുണ്ടെന്ന് ഇന്ത്യ പ്രതികരിച്ചു. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളാണ് ഭാരതത്തിന്റെ നിലപാടറിയിച്ചത്. ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ വർദ്ധിക്കുകയും ഇസ്കോൺ സന്യാസിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം.
ബംഗ്ലാദേശിലെ ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് നേരെ ഉയരുന്ന ആക്രമണങ്ങളും ഭീഷണികളും അഭിസംബോധന ചെയ്യണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് ഇന്ത്യ പലതവണ ശക്തമായി ആവശ്യപ്പെട്ടതാണ്. രാജ്യത്ത് തീവ്രവാദ ആശയങ്ങൾ ബലപ്പെടുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാദ്ധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുന്നതാണെന്ന് പറഞ്ഞ് ഇത്തരം ആക്രമണങ്ങളും പ്രകോപനങ്ങളും തള്ളിക്കളയരുത്. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ബംഗ്ലാദേശ് സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെടുകയാണ്. – രൺധീർ ജയ്സ്വാൾ പറഞ്ഞു.
ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാർ തകർന്നതിന് ശേഷം അട്ടിമറിയിലൂടെ ഭരണത്തിലേറിയ പട്ടാളവും പിന്നീടുവന്ന ഇടക്കാല സർക്കാരും രാജ്യത്തെ ജിഹാദി ഗ്രൂപ്പുകളെയും മതമൗലികവാദികളെയും പ്രീണിപ്പിക്കുന്ന നയങ്ങളായിരുന്നു സ്വീകരിച്ചിരുന്നത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ രാജ്യത്ത് നിന്ന് ഓടിച്ചതിന് പിന്നാലെ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ സമാനതകളില്ലാത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. നൂറുകണക്കിന് ക്ഷേത്രങ്ങൾ തകർത്തു. ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് സമ്മേളനം നടത്തിയ ഇസ്കോൺ സന്യാസി ചിൻമയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. രാജ്യത്തിപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്.