കരുനാഗപ്പളളി: കരുനാഗപ്പള്ളി കുലശേഖരപുരത്തെ സിപിഎം വനിതാ സഖാക്കളുടെ പ്രതിഷേധം സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ഇന്നലെ രാത്രി സിപിഎം ലോക്കൽ സമ്മേളനം അലങ്കോലപ്പെട്ടതിന് ശേഷം പരസ്യപ്രതിഷേധവുമായി ഇറങ്ങിയ മുതിർന്ന വനിതാ സഖാക്കളാണ് മാദ്ധ്യമങ്ങൾക്ക് മുൻപിൽ പരസ്യമായി പ്രതികരിച്ചത്. സഹികെട്ടിട്ടാണ് പ്രതികരിക്കുന്നതെന്ന് ഇവർ തുറന്നുപറയുകയും ചെയ്തു.
വനിതാസഖാക്കളുടെ പ്രതികരണങ്ങളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. വനിതാസഖാക്കൾക്ക് മാനം മര്യാദയ്‌ക്ക് അന്തസോടെ ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് നിൽക്കുന്നത്. സിപിഎം അംഗവും സിഐടിയു ജില്ലാ കമ്മിറ്റിയംഗവുമായ വനിതാ സഖാവാണ് നേതൃത്വത്തിന്റെ കൊളളരുതായ്മയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്.
അവർക്ക് ചില ബിനാമിപ്പണി ചെയ്യുന്ന പെണ്ണുങ്ങളും ആണുങ്ങളും മതി ഇവിടെ പെണ്ണുപിടുത്തക്കാരിൽ നിന്ന് ഈ പ്രസ്ഥാനത്തെ രക്ഷിക്കണമെന്ന് മാത്രമേ ഞങ്ങൾ പറയുന്നുളളൂ. വീട്ടിൽ നിന്ന് പാർട്ടി പ്രവർത്തനത്തിന് ഇറങ്ങുന്ന ഞങ്ങളെയും അങ്ങനെ കാണാൻ തുടങ്ങുമെന്നും സഖാക്കൾ പറഞ്ഞു. ചോദ്യം ചെയ്തതിന്റെ പേരിൽ കൈ പിടിച്ച് തിരിച്ചതായും വനിതാ സഖാവ് ആരോപിച്ചു.
ലോക്കൽ സമ്മേളനം നടത്താനെത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദ്, കെ. രാജഗോപാൽ എന്നിവരെ ഒരു വിഭാഗം പ്രവർത്തകർ പൂട്ടിയിട്ടിരുന്നു. ഇതിനിടയിലാണ് വനിതാ സഖാക്കൾക്ക് നേരെ അതിക്രമം നടന്നത്. സംഭവത്തിന് പിന്നാലെ ഇന്ന് പരസ്യമായി സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തു. സേവ് സിപിഎം എന്ന പേരിൽ കരുനാഗപ്പള്ളിയിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രാദേശിക സിപിഎം നേതാക്കൾക്കും, തിരഞ്ഞെടുക്കപ്പെട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർക്കും എതിരെ ആയിരുന്നു പോസ്റ്ററുകൾ. ജില്ലാ കമ്മിറ്റി അംഗം പികെ ബാലചന്ദ്രനെതിരെയും മറ്റ് നേതാക്കൾക്കെതിരെയും പ്ലക്കാർഡുകളുമായി പ്രതിഷേധമുയർത്തിയാണ് വനിതാ സഖാക്കൾ ഉൾപ്പെടെ പ്രകടനം നടത്തിയത്. പി ഉണ്ണി മാറിയപ്പോൾ എച്ച്.എ സലാം സെക്രട്ടറിയായി ഗോവിന്ദച്ചാമിക്ക് പകരം അമീറുൾ ഇസ്ലാം തുടങ്ങിയ വരികളും പ്ലക്കാർഡുകളിൽ രേഖപ്പെടുത്തിയിരുന്നു.
മാർച്ചിൽ സിപിഎം സംസ്ഥാന സമ്മേളനം നടക്കേണ്ട ജില്ലയാണ് കൊല്ലം. ഇവിടെയാണ് കരുനാഗപ്പളളി ഏരിയാ കമ്മിറ്റിക്ക് കീഴിലുളള ഭൂരിഭാഗം ലോക്കൽ സമ്മേളനങ്ങളും നടത്താൻ കഴിയാത്ത സ്ഥിതിയുളളത്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി തൊടിയൂരിലെ ലോക്കൽ സമ്മേളനവും അലങ്കോലപ്പെട്ടിരുന്നു.