2018ൽ ഇന്ത്യ അണ്ടർ 10 ലോക കിരീടം ചൂടുമ്പോൾ പൃഥ്വി ഷായായിരുന്നു നായകൻ. ഇന്ന് ടീമിലുണ്ടായിരുന്ന സഹതാരങ്ങളിൽ മിക്കവരും ഇന്ന് സൂപ്പർ സ്റ്റാറുകളായപ്പോഴും ഷായുടെ വളർച്ച തലകീഴായിട്ടായിരുന്നു. സൗദിയിൽ നടന്ന മെഗാ ലേലത്തിൽ അടിസ്ഥാന വില രണ്ടുകോടിയിൽ നിന്ന് 75 ലക്ഷമാക്കി കുറച്ചിട്ടും താരത്തെ വാങ്ങാൻ ആളില്ലായിരുന്നു.
2018 ലോകകപ്പ് ജയിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയൊരു ഇതിഹാസം പിറവിയെടുക്കുന്നു എന്ന തലത്തിലായിരുന്നു ചർച്ചകൾ. സച്ചിന്റെ ജീനുള്ള വീരേന്ദർ സെവാഗിന്റെ പകരക്കാരൻ എന്ന നിലയിൽ വാഴ്‌ത്തിപ്പാടലുകൾ. കാരണം ഷായുടെ പ്രതിഭ അത്രത്തോളമുണ്ടായിരുന്നു. 2018 മുതൽ ഡൽഹി ക്യാപിറ്റൽസിൽ കളിച്ചിരുന്ന ഷാ ചെറുപ്രായത്തിൽ തന്നെ കോടിപതിയായി. 30-40 കോടി വരെ ഇതിനിടെ താരം സമ്പാദിച്ചിട്ടുണ്ട്.
എന്നാൽ പണം കുമിഞ്ഞുകൂടുമ്പോൾ താരത്തിന്റെ അച്ചടക്കവും ഫിറ്റ്നസും ഗുഡ്ബൈ പറഞ്ഞു. മുൻ ഇന്ത്യൻ താരവും പരിശീലകനുമായ പ്രവിൺ ആംറെ ഷായെ വിനോദ് കാംബ്ലിയോടാണ് ഉപമിക്കുന്നത്. 2018 വിൻഡീസിനെതിരെ ടെസ്റ്റിൽ ദേശീയ ടീമിനായി അരങ്ങേറി സെഞ്ച്വറി നേടിയ താരം പിന്നീട് കളിച്ചത് നാലു ടെസ്റ്റുകൾ മാത്രം. 2020ൽ ന്യൂസിലൻഡിനെതിരെ ഏകദിനത്തിൽ അരങ്ങേറ്റം. ഏറ്റവും ഒടുവിൽ ഏകദിനം കളിച്ചത് 2021 ജൂലൈയിൽ.
പരിശീലനത്തിന് പതിവായി വരാത്ത താരത്തെ അടുത്തിടെ മുംബൈയുടെ രഞ്ജി സ്ക്വാഡിൽ നിന്നും പുറത്താക്കിയിരുന്നു. ടെൻഡുൽക്കറും റിക്കി പോണ്ടിംഗും സൗരവ് ഗാംഗുലിയുമടക്കമുള്ളവർ ഷായുമായി സംസാരിച്ച് ഉപദേശങ്ങൾ നൽകിയെങ്കിലും താരം ഇതൊന്നും മുഖവിലയ്‌ക്ക് എടുക്കാറില്ലെന്നും ആംറെ പറയുന്നു. ഒരു മാറ്റവും ഷായിൽ കണ്ടില്ല. അച്ചടക്കവും ഫിറ്റ്നസും തീരെ ഇല്ലാത്ത ജീവിത ശൈലിയാണ് താരം പിന്തുടരുന്നത്. നൈറ്റ് പാർട്ടികളും മദ്യപാനവും താരത്തെ മറ്റൊരു വിനോദ് കാംബ്ലിയിലേക്കാണ് നയിക്കുന്നതെന്നാണ് വിമർശനം.















