ന്യൂഡൽഹി: ഡിജിറ്റൽ കുതിപ്പിൽ നാഴികക്കല്ല് പിന്നിട്ട് ഭാരതം. നെറ്റ്‌വർക്ക് റെഡിനസ് സൂചികയിൽ (എൻആർഐ) ഇന്ത്യ 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 49-ാം സ്ഥാനത്തെത്തി. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ പോർട്ടുലൻസ് ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
സാങ്കേതികവിദ്യ, ഭരണനിർവഹണം തുടങ്ങി 54 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത്. 133 സമ്പദ് വ്യവസ്ഥകളെയാണ് പഠനവിധേയമാക്കിയത്. കഴിഞ്ഞ വർഷം ഇന്ത്യയുടെ ആകെ സ്കോർ 49.93 ആയിരുന്നു. ഈ വർഷമിത് 53.63 ആയാണ് ഉയർന്നത്. ഡിജിറ്റൽ, ടെലികമ്മ്യൂണിക്കേഷൻ മേഖലകളിലെ മുന്നേറ്റങ്ങളാണ് സ്കോർ നില ഉയരാൻ സഹായകമായത്.
എഐ അധിഷ്ഠിത ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ, എഐ ടാലന്റ് കോൺസൻട്രേഷൻ, ഐസിടി സേവന കയറ്റുമതി എന്നിവയിൽ ഇന്ത്യ ഒന്നാമതെത്തി. ഇൻ്റർനെറ്റ് സബ്സ്ക്രിപ്ഷൻ, മൊബൈൽ ബ്രോഡ്ബാൻഡ് സബ്സ്ക്രിപ്ഷൻ, ഇൻ്റർനാഷണൽ ഇൻ്റർനെറ്റ് ബാൻഡ്‌വിഡ്ത്ത് എന്നിവയിൽ രണ്ടാം സ്ഥാനവും ആഭ്യന്തര വിപണി സ്കെയിലിൽ മൂന്നാം സ്ഥാനവും വാർഷിക ടെലികോം നിക്ഷേപങ്ങളിൽ നാലാം സ്ഥാനവും നേടി. സാങ്കേതിക കണ്ടുപിടിത്തങ്ങളിലും ഡിജിറ്റൽ പരിവർത്തനത്തിലും ഇന്ത്യ അതിവേഗം വളരുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ടെലികോം സാന്ദ്രതയും വർദ്ധിച്ചു. ടെലി സാന്ദ്രത 75.2 ശതമാനത്തിൽ നിന്ന് 84.69 ശതമാനമായി ഉയർന്നപ്പോൾ വയർലെസ് കണക്ഷനുകൾ 119 കോടിയിൽ എത്തി. ഗ്രാമീണ മേഖലയിലേക്കും അതിവേഗ ഇന്റനെറ്റ് എത്തി. റൂറൽ ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 25.1 കോടിയിൽ നിന്ന് 94.4 കോടിയായി വർദ്ധിച്ചു. വയർലെസ് ഇൻ്റർനെറ്റ് ഉപയോഗത്തിൽ ശ്രദ്ധേയമായ വർദ്ധനവാണുണ്ടായിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ മികച്ച പ്രകടനം ഡിജിറ്റൽ പരിവർത്തനത്തിലെ ആഗോള നേതാവെന്ന സ്ഥാനം ഊറ്റിയുറപ്പിക്കുന്നു.
2022-ൽ 5ജി സേവനങ്ങൾ ആരംഭിച്ചതോടെ ആഗോള മൊബൈൽ ബ്രോഡ്‌ബാൻഡ് സ്പീഡ് റാങ്കിംഗിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തിയിരുന്നു. 118-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒറ്റയടിക്ക് 15-ാം സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. മൊബൈൽ കണക്ടിറ്റിവിറ്റി രംഗത്ത് ഇന്ത്യ നേതാവായി മാറി. ടെലികോം സാങ്കേതികവിദ്യ വികസിപ്പിക്കാനായി ‘ഭാരത് 6G വിഷൻ’ രാജ്യം ലക്ഷ്യമിടുന്നു.















