പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനതിരക്ക്. പുലർച്ചെ മുതൽ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ആദ്യ നാല് മണിക്കൂറിൽ 24, 592 തീർത്ഥാടകരാണ് ദർശനം നടത്തിയത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവർ അതിൽ അനുവദിക്കപ്പെടുന്ന സമയത്ത് തന്നെ ദർശനം നടത്തണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
നിലവിൽ ഭൂരിഭാഗം ഭക്തരും സമയം പാലിക്കാതെയാണ് ദർശനം നടത്തുന്നതെന്നും ഇത് തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം 80,984 തീർത്ഥാടകരാണ് ദർശനം നടത്തിയത്.
ഇന്നലെ വരെ 10 ലക്ഷത്തിലധികം ഭക്തരാണ് സന്നിധാനത്തെത്തിയത്. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നര ലക്ഷത്തിലധികം തീർത്ഥാടകരാണ് ഇത്തവണ എത്തിയതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. സ്പോട്ട് ബുക്കിംഗ് നടത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
വരുമാനത്തിലും കഴിഞ്ഞ വർഷത്തേക്കാൾ വൻ വർദ്ധനവാണുള്ളത്. ആദ്യ 12 ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 63 കോടിയാണ് വരുമാനം.