തിരുവനന്തപുരം : മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല താത്കാലിക സർക്കാരിനെ മുൻ നിർത്തിക്കൊണ്ട് ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മുസ്‌ലിം തീവ്രവാദ സംഘടനകൾ നടത്തുന്ന ഹിന്ദുവേട്ടക്കെതിരെ പ്രക്ഷോഭ ജ്വാലയുമായി ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാർഢ്യ സമിതി. ഷെയ്ഖ് ഹസീനയുടെ സർക്കാരിനെ അട്ടിമറിച്ച ഇസ്ലാമിക ശക്തികൾ ആദ്യഘട്ടത്തിൽ ബംഗ്ലാദേശിലെ ഹിന്ദു ക്രിസ്ത്യൻ ബുദ്ധവിഭാഗങ്ങൾക്ക് നേരെ വ്യാപകമായ അക്രമങ്ങളാണ് അഴിച്ചു വിട്ടത്.
ഏറ്റവുമൊടുവിൽ ഹിന്ദു സന്യാസിയായ ചിൻമൊയ് കൃഷ്ണദാസ് ബ്രഹ്മചാരിയെ യൂനസ് സർക്കാർ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു. ഇത് കൂടാതെ കോടതി പരിസരത്ത് നടന്ന പോലീസ് അതിക്രമങ്ങളിൽ ഒരു അഭിഭാഷകൻ കൊല്ലപ്പെട്ടപ്പോൾ ഹിന്ദുക്കളെ പ്രതികളാക്കി കേസിൽ കുടുക്കി. ചിൻമൊയ് കൃഷ്ണദാസ് ബ്രഹ്മചാരി ഉൾപ്പെടെയുള്ള ഇസ്കോൺ പ്രവർത്തകരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. ബംഗ്ലാദേശിലെ ഇസ്ലാമിക രാഷ്‌ട്രീയ പാർട്ടികൾ ഒരേ വേദിയിൽ വന്ന് ഇസ്കോണിനെ നിരോധിക്കണം എന്നും ആവശ്യപ്പെട്ടു.
ഇസ്ലാമിക തീവ്രവാദികൾ ഹിന്ദുക്കളുടെ നിരവധി കടകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. കലാപകാരികളായ വിദ്യാർത്ഥികളെ മുന്നിൽ നിർത്തി നിരവധി ഹിന്ദു അധ്യാപകരെയാണ് അവർ ഭീഷണിപ്പെടുത്തി രാജിവെയ്പ്പിച്ചത്. നിരവധി ഹിന്ദു സർക്കാർ ഉദ്യോഗസ്ഥർക്കും ഇതേ വിധി തന്നെയുണ്ടായി.
രാജ്യത്തെ മത ന്യൂനപക്ഷങ്ങളുടെ സുരക്ഷക്കായി ഒന്നും തന്നെ ചെയ്യാത്ത ഇടക്കാല സർക്കാറിന്റെ നിലപാടിനെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
ബംഗ്ലാദേശിൽ തുടരുന്ന അതിക്രമങ്ങൾക്കെതിരെ “ഭാരതം ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങൾക്കൊപ്പം” എന്ന സന്ദേശവുമായി ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാർഢ്യസമിതിയുടെ നേതൃത്വത്തിൽ 2024 ഡിസംബർ-3ന് ഐക്യദാർഢ്യ ദിനം ആചരിക്കുവാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ റാലിയും സമ്മേളനങ്ങളും നടക്കും . പൊളിറ്റിക്കൽ ഇസ്ലാമിന്റെ തനിനിറം തിരിച്ചറിയുക; ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് ജീവിക്കാൻ അവകാശമുണ്ട് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധ റാലി നടക്കുക.