ഇടുക്കി: റോട്ടറി ക്ലബ്ബിന്‍റെ വഞ്ചനയിൽ കടക്കെണിയിലായി നിർദ്ധനകുടുംബം. ഇടുക്കി ഈട്ടിത്തോപ്പ് സ്വദേശി അനീഷാണ് എഴുകുംവയൽ സ്‍പൈസ് വാലി റോട്ടറി ക്ലബിനെ വിശ്വസിച്ച് ലക്ഷങ്ങൾ കടം വാങ്ങി വീട് പണിതത്. പണം നൽകാമെന്ന് പറഞ്ഞ് 11 മാസം പിന്നിട്ടിട്ടും ഇതുവരെ തുക കൈമാറാൻ റോട്ടറി ക്ലബ്ബ് തയ്യാറായിട്ടില്ല.
ഏത് നിമിഷവും നിലം പൊത്താവുന്ന വീട്ടിലാണ് അനീഷും ഭാര്യയും രണ്ട് പെൺമക്കളുമായി താമസിച്ചത്. സംസ്ഥാന സർക്കാരിന്റെ ഭവന പദ്ധതിയായ ലൈഫ് മിഷനിൽ നിരവധി തവണ അപേക്ഷ നൽകിയിട്ടും പ്രയോജനമുണ്ടായില്ല. ഇതിനിടെയാണ് റോട്ടറി ക്ലബ് വീട് വെച്ചു നൽകുന്ന വിവരം അനീഷ് അറിഞ്ഞത്.
റോട്ടറി ക്ലബിൽ അപേക്ഷ നൽകിയതിന് പിന്നാലെ മൂന്ന് ലക്ഷം രൂപ നൽകാമെന്ന് ഭാരവാഹികൾ ഉറപ്പ് നൽകി. വീടിന്റെ നിർമ്മാണം ആരംഭിക്കാനും അവർ നിർദ്ദേശം നൽകി. അത് വിശ്വസിച്ച അനീഷ് കടം വാങ്ങി വീട് നിർമ്മാണം തുടങ്ങി. കഴിഞ്ഞ ഒക്ടോബറിൽ പുതിയ വിട്ടിൽ താമസം തുടങ്ങുകയും ചെയ്തു. പിന്നീട് തുകയ്‌ക്കായി റോട്ടറി ക്ലബിനെ സമർപ്പിച്ചപ്പോൾ അവർ കൈമലർത്തി.
നിലവിൽ അഞ്ച് ലക്ഷം രൂപയുടെ കടക്കാരനാണ് അനീഷും കുടുംബവും. നിർമ്മാണ സാമഗ്രികൾ മിക്കതും കടമായാണ് വാങ്ങിയത്. ഈ ഇനത്തിൽ തന്നെ വലിയ തുക നൽകാനുണ്ട്. കൂലിപ്പണിയിൽ നിന്ന് അനീഷിനും ഭാര്യയ്‌ക്കും കിട്ടുന്ന വരുമാനം ലോൺ അടയ്‌ക്കാൻ പോലും തികയുന്നില്ല. മക്കളുടെ പഠനം പോലും മുടങ്ങുന്ന സ്ഥിതിയാണ്. എന്നാൽ ചില അപേക്ഷകൾ പാസാകാതെ വന്നതാണ് പ്രശ്നമായതെന്നാണ് എഴുകുംവയൽ സ്‍പൈസ് വാലി റോട്ടറി ക്ലബ് ഭാരവാഹികളുടെ വിശദീകരണം.















