സൂറത്ത്: വീട്ടുജോലി ചെയ്യാൻ കൂട്ടാക്കാതെ മൊബൈലിൽ ഗെയിം കളിച്ചിരുന്ന 18-കാരിയെ കൊലപ്പെടുത്തി പിതാവ്. ഗുജറാത്തിലെ സൂറത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഓട്ടോറിക്ഷാ ഡ‍്രൈവറായ 40-കാരൻ പ്രഷർ കുക്കർ കൊണ്ട് തലയ്‌ക്കടിച്ചാണ് മകൾ ഹെതാലിയെ കൊലപ്പെടുത്തിയത്.
വ്യാഴാഴ്ചയാണ് സംഭവം. വീട്ടുജോലികൾ ചെയ്യണമെന്ന് മകൾക്ക് നിർദ്ദേശം നൽകിയാണ് മാതാവ് ഗീതാബെൻ ജോലിക്കായി പോയത്. എന്നാൽ ഇത് അവഗണിച്ച് മണിക്കൂറുകളോളം ഫോണിൽ ഗെയിം കളിച്ചിരിക്കുകയായിരുന്നു ഹെതാലി. ഇതിനിടയിൽ വീട്ടിലുണ്ടായിരുന്ന പിതാവ് മകളുടെ തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രഷർ കുക്കർ കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു.
വീടിന് പുറത്ത് കളിക്കുകയായിരുന്ന ഹെതാലിയുടെ ഇളയ സഹോദരൻ മായങ്ക് കരച്ചിൽ കേട്ട് അകത്തേക്ക് ഓടിയെത്തിയപ്പോഴാണ് ഹെതാലി ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. പിന്നാലെ സഹോദരൻ അമ്മയെ വിവരമറിയിച്ചു. മകളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ ഗീതാബെൻ പൊലീസിൽ പരാതി നൽകി. കൊലക്കുറ്റം ചുമത്തി മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.